30.6 C
Kottayam
Tuesday, April 30, 2024

ഐ.എസ്.എല്ലില്‍ പന്തുതട്ടാന്‍ എം.എ.യൂസഫലിയുടെ ക്ലബും വരുന്നു?വമ്പന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍

Must read

കൊച്ചി:ഇന്ത്യ കോര്‍പറേറ്റ് ലോകത്തെ വമ്പന്മാരായ ലുലു ഗ്രൂപ്പ് ഫുട്‌ബോളിലേക്കും നിക്ഷേപം ഇറക്കുന്നു. മലയാളിയായ എംഎ യൂസഫലി പടുത്തുയര്‍ത്തി ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ച ലുലു ഗ്രൂപ്പ് പക്ഷേ കേരളത്തിലല്ല നിക്ഷേപം നടത്തുന്നത്.

അവര്‍ കൊല്‍ക്കത്തയില്‍ ഫുട്‌ബോള്‍ ക്ലബിനെ വാങ്ങി ഐഎസ്എല്ലിലേക്ക് എത്തിക്കാനാണ് ഒരുങ്ങുന്നത്. കൊല്‍ക്കത്തന്‍ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. ദുബായില്‍ വച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ലുലു ഗ്രൂപ്പ് അധികൃതരും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു.

ബംഗാളില്‍ വലിയ മാളുകളും ഫുഡ് പാര്‍ക്കുകളും ഉള്‍പ്പെടെ കോടികള്‍ നിക്ഷേപിക്കാന്‍ ലുലു ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാണ് ഫുട്‌ബോളിലേക്കും നിക്ഷേപം നത്താനുള്ള നീക്കം.

നിലവില്‍ ഐലീഗില്‍ കളിക്കുന്ന മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബിനെ വാങ്ങുവാനോ ക്ലബില്‍ നിക്ഷേപം നടത്താനോ ആണ് മമത ലുലു ഗ്രൂപ്പിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാക്കുകളോട് പോസിറ്റീവായിട്ടാണ് ലുലുഗ്രൂപ്പ് പ്രതികരിച്ചത്.

ലുലു മൊഹമ്മദന്‍സില്‍ നിക്ഷേപം ഇറക്കുന്ന പക്ഷം സാമ്പത്തികമായി ക്ലബ് മികച്ച നിലയിലെത്തും. നിലവില്‍ ബങ്കര്‍ഹില്‍സ് എന്ന നിക്ഷേപ ഗ്രൂപ്പാണ് മൊഹമ്മദന്‍സിന്റെ നിക്ഷേകര്‍. ലുലു വരുന്നപക്ഷം ഇവര്‍ ക്ലബുമായുള്ള സഹകരണം അവസാനിപ്പിച്ചേക്കും.

നിലവില്‍ ഹരിയാന കേന്ദ്രീകരിച്ച് പുതിയ ക്ലബ് തുടങ്ങാനുള്ള പദ്ധതി ബങ്കര്‍ഹില്ലിന് ഉണ്ട്. ഈ സീസണില്‍ ഹരിയാനയില്‍ നിന്ന് കോര്‍പറേറ്റ് എന്‍ട്രി വഴി ഐലീഗിലെത്താന്‍ ബങ്കര്‍ഹില്ലിന് പദ്ധതിയുണ്ടായിരുന്നു.

ഇൗ നീക്കം അവസാന നിമിഷം വേണ്ടെന്നുവച്ച് മൊഹമ്മദന്‍സുമായുള്ള കരാര്‍ തുടരുകയായിരുന്നു. മൊഹമ്മദന്‍സ് കൊല്‍ക്കത്തയിലെ പഴയകാല ക്ലബുകളിലൊന്നാണ്. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ക്ലബുകള്‍ക്കൊപ്പം തലയെടുപ്പും ഉണ്ട്.

ഇടക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൂട്ടിപ്പോയിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അവര്‍ തിരികെ എത്തിയത്. നിലവില്‍ കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗില്‍ മുമ്പിലാണ് അവര്‍. വലിയ ആരാധക പിന്തുണയുള്ള ക്ലബാണ് ഇത്.

മൊഹമ്മദന്‍സിന്റെ കളി കാണാന്‍ ഓരോ മല്‍സരത്തിലും ആയിരക്കണക്കിന് ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്താറുണ്ട്. ലുലു ഗ്രൂപ്പ് ഈ ക്ലബിനെ ഏറ്റെടുത്താല്‍ വലിയ സാമ്പത്തിക നേട്ടം ഉണ്ടായില്ലെങ്കിലും ലുലുഗ്രൂപ്പിന് വലിയ മൈലേജ് ലഭിക്കും.

ഫുട്‌ബോളും ബംഗാള്‍ ജനതയുമായുള്ള ബന്ധം തന്നെയാണ് ഇതിനു കാരണം. മമതാ ബാനര്‍ജി മുന്‍കൈയെടുത്ത സ്ഥിതിക്ക് ഈ ലുലുഗ്രൂപ്പും മൊഹമ്മദന്‍സും തമ്മിലുള്ള ബന്ധം താമസിയാതെ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week