KeralaNews

ഞാൻ ജീവിച്ചിരിപ്പുണ്ട്; സുധാകരന്റെ അനുശോചനത്തിൽ പ്രതികരണവുമായി പി.സി. ജോർജ്

കോട്ടയം: സംവിധായകന്‍ കെ.ജി ജോര്‍ജിന്റെ മരണത്തില്‍ ആളുമാറി അനുശോചിച്ച കെ.പി.സി.സി. പ്രസിഡന്റ് സുധാകരന് മറുപടിയുമായി മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. താനിവിടെ ജീവിച്ചിരിപ്പുണ്ടെന്നും സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പി.സി. ജോര്‍ജ് പറഞ്ഞു.

കെ. ജി. ജോര്‍ജിന്റെ മരണം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ചോദിച്ചപ്പോളായിരുന്നു കെ. സുധാകരന് അമളി പറ്റിയത്. ‘നല്ലൊരു പൊതുപ്രവര്‍ത്തകനും രാഷ്ട്രീയനേതാവുമായിരുന്നു അദ്ദേഹം’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള സുധാകരന്റെ പ്രതികരണം. ഇത് ഞൊടിയിടകൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും വലിയ ട്രോളുകള്‍ക്ക് ഇടയാക്കുകയും ചെയ്തു.

സുധാകരന്‍ അനുശോചനം രേഖപ്പെടുത്തിയത് പി.സി. ജോര്‍ജിനാണെന്ന രീതിയിലായിരുന്നു സുധാകരനെതിരേ ഉണ്ടായ ട്രോളുകളില്‍ പലതും. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിഷയത്തില്‍ പ്രതികരണവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയത്. ‘ഞാന്‍ മരിച്ചു എന്ന് സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്.

അദ്ദേഹത്തിന്റെ ദുഃഖത്തോടെയുള്ള സംസാരം കേള്‍ക്കാന്‍ ഇടയായി. പള്ളിയില്‍ കുര്‍ബാനക്കിടെ ആളുകള്‍ വിളിച്ച് പറഞ്ഞപ്പോഴാണ് വിവരം അറിഞ്ഞത്. സുധാകരനേപ്പോലെ മാന്യനായ നേതാവിനെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തികള്‍ ചെയ്യുന്നത് ശരിയാണോ എന്ന് ചിന്തിക്കുക’, വീഡിയോയില്‍ പി.സി. ജോര്‍ജ് പറഞ്ഞു.

കെ.ജി. ജോര്‍ജിന്റെ മരണവാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു കെ. സുധാകരന്‍ ആളുമാറി മറ്റൊരു ജോര്‍ജിന് അനുശോചനം രേഖപ്പെടുത്തിയത്. ‘അദ്ദേഹത്തേക്കുറിച്ച് ഓര്‍ക്കാന്‍ ഒരുപാടുണ്ട്. നല്ലൊരു പൊതുപ്രവര്‍ത്തകനായിരുന്നു, നല്ല രാഷ്ട്രീയ നേതാവായിരുന്നു, കഴിവും പ്രാപ്തിയുമുള്ള ആളാണ്. അദ്ദേഹത്തേക്കുറിച്ച് ആര്‍ക്കും മോശം അഭിപ്രായമില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്. അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖമുണ്ട്’, എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

പിന്നീട് സംഭവത്തില്‍ വിശദീകരണവുമായി സുധാകരന്‍ ഫേയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്റെ പഴയകാല സഹപ്രവര്‍ത്തകനെയാണ് ഓര്‍മവന്നതെന്നും ജാഗ്രതക്കുറവുണ്ടായെന്നും സുധാകരന്‍ പറഞ്ഞു. പ്രതികരണത്തിലെ അനൗചിത്യത്തില്‍ എന്റെ പാര്‍ട്ടിയുടെ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ക്കും കെ ജി ജോര്‍ജിനെ സ്‌നേഹിക്കുന്നവര്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker