ബ്രിജ്ടൗൺ : ബാറ്റിങ്ങിലും ബോളിങ്ങിലും ടോപ് ക്ലാസ് പ്രകടനത്തോടെ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് 36 റൺസ് ജയം. സ്കോർ: ഓസ്ട്രേലിയ– 20 ഓവറിൽ 7ന് 201. ഇംഗ്ലണ്ട്– 20 ഓവറിൽ 6ന് 165.
ടോപ് ഓർഡർ ബാറ്റർമാരുടെ മികച്ച ബാറ്റിങ്ങാണ് ഓസീസിനെ ഈ ലോകകപ്പിൽ 200 പിന്നിടുന്ന ആദ്യ ടീമാക്കി മാറ്റിയത്. ഓപ്പണർ ഡേവിഡ് വാർണറാണ് (16 പന്തിൽ 39) ടോപ് സ്കോറർ. ട്രാവിസ് ഹെഡ് (18 പന്തിൽ 34), മിച്ചൽ മാർഷ് (25 പന്തിൽ 35), ഗ്ലെൻ മാക്സ്‌വെൽ (25 പന്തിൽ 28), മാർകസ് സ്റ്റോയ്നിസ് (17 പന്തിൽ 30) എന്നിവരും തിളങ്ങി.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ ഫിൽ സോൾട്ടും (23 പന്തിൽ 37) ജോസ് ബട്‌ലറും (28 പന്തിൽ 42) മികച്ച തുടക്കം നൽകിയെങ്കിലും ഇരുവരെയും പുറത്താക്കിയ ലെഗ് സ്പിന്നർ ആദം സാംപ ഇംഗ്ലണ്ടിനെ പിടിച്ചു നിർത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടിവന്നെങ്കിലും വാർണറും ഹെഡും ചേർന്ന് തകർപ്പൻ തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് നൽകിയത്. 30 പന്തിൽ 70 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. അടുത്തടുത്ത ഓവറുകളിൽ ഓസീസ് ഓപ്പണർമാർ പുറത്തായതോടെ ഇംഗ്ലണ്ടിനു കളിയിൽ തിരിച്ചുവരാൻ അവസരം കിട്ടിയെങ്കിലും മാർഷും മാക്‌സ്‌വെലും അതിനനുവദിച്ചില്ല. 14–ാം ഓവറിൽ മാർഷും അടുത്ത ഓവറിൽ മാക്സ്‌വെലും പുറത്തായതിനു ശേഷം സ്റ്റോയ്നിസ് (17 പന്തിൽ 30) അവസാന വെടിക്കെട്ട് തീർത്തു.
ന്യൂയോർക്ക്∙ ട്വന്റി20 ലോകകപ്പിൽ രണ്ടാം വിജയവുമായി ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. രണ്ടാം മത്സരത്തിൽ നെതർലൻഡ്സിനെതിരെ ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ് വിജയം സ്വന്തമാക്കി. നെതർലന്‍ഡ്സ് ഉയര്‍ത്തിയ 104 റൺസ് വിജയ ലക്ഷ്യത്തിലേക്ക്, ആറു വിക്കറ്റ് നഷ്ടത്തിൽ ഏഴു പന്തുകൾ ബാക്കിനില്‍ക്കെ ദക്ഷിണാഫ്രിക്കയെത്തി. സ്കോർ– നെതർലൻഡ്സ്: ഒൻപതിന് 103, ദക്ഷിണാഫ്രിക്ക 18.5 ഓവറിൽ ആറിന് 106.
മറുപടി ബാറ്റിങ്ങിൽ 4.3 ഓവറിൽ 12 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായെങ്കിലും, ട്രിസ്റ്റൻ സ്റ്റബ്സ് (37 പന്തിൽ 33), ഡേവിഡ് മില്ലർ (51 പന്തിൽ 59) എന്നിവരുടെ ബാറ്റിങ് ദക്ഷിണാഫ്രിക്കയെ തുണയ്ക്കുകയായിരുന്നു. ഡേവിഡ് മില്ലറാണു കളിയിലെ താരം. മുൻനിര ബാറ്റർമാരായ ക്വിന്റൻ ഡി കോക്ക് (പൂജ്യം), ക്യാപ്റ്റൻ എയ്ഡൻ മർക്റാം (പൂജ്യം), ഹെൻറിച് ക്ലാസൻ (നാല്), റീസ ഹെൻറിക്സ് (മൂന്ന്) എന്നിവർ നിരാശപ്പെടുത്തി. പവർപ്ലേയിൽ 16 റൺസാണ് ദക്ഷിണാഫ്രിക്ക ആകെ നേടിയത്. ചെറിയ വിജയലക്ഷ്യത്തിലേക്ക് സൂക്ഷ്മതയോടെ ബാറ്റു വീശിയ ട്രിസ്റ്റൻ സ്റ്റബ്സിന്റേയും മില്ലറുടേയും തന്ത്രം ഫലം കണ്ടു. സ്കോർ 77 ൽ നിൽക്കെ ബാസ് ഡെ ലീഡ് സ്റ്റബ്സിനെ പുറത്താക്കി.
എന്നാൽ ക്ഷമയോടെ ബാറ്റിങ് തുടർന്ന മില്ലർ 51 പന്തിൽ 59 റൺസെടുത്തു പുറത്താകാതെ നിന്നു. 18.5 ഓവറുകളിലാണ് ദക്ഷിണാഫ്രിക്ക 104 റൺസ് വിജയലക്ഷ്യത്തിലെത്തിയത്. ബാസ് ഡെ ലീഡ് എറിഞ്ഞ 19–ാം ഓവറില്‍ രണ്ടു സിക്സറുകളും ഒരു ഫോറും ബൗണ്ടറി കടത്തിയാണ് മില്ലർ വിജയ റൺസ് കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലൻഡ്സ് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 103 റണ്‍സെടുത്തു.
45 പന്തിൽ 40 റണ്‍സെടുത്ത സൈബ്രാൻഡ് എയ്ഞ്ചൽബ്രെച്ചാണ് നെതർലൻഡ്സിന്റെ ടോപ് സ്കോറർ. ലോഗൻ വാന്‍ ബീക് (23), വിക്രംജിത് സിങ് (12), സ്കോട്ട് എഡ്‍വാർഡ്സ് (10) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. ദക്ഷിണാഫ്രിക്കയ്ക്കായി ഫാസ്റ്റ് ബോളർ ഒട്നെയ്ൽ ബാർട്മാൻ നാലു വിക്കറ്റുകൾ വീഴ്ത്തി. മാർകോ ജാൻസനും ആൻറിച് നോർട്യയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
ജയത്തോടെ ഡി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് നാലു പോയിന്റായി. ഈ മത്സരം നടന്ന ന്യൂയോർക്കിലെ നാസ കൗണ്ടി സ്റ്റേഡിയത്തിലാണ് ഞായറാഴ്ചത്തെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടവും നടക്കേണ്ടത്. ബാറ്റർമാരെ യാതൊരു തരത്തിലും തുണയ്ക്കാത്ത പിച്ചിനെതിരെ ഇതിനകം പരാതി ഉയര്‍ന്നു കഴിഞ്ഞു.