30.6 C
Kottayam
Wednesday, May 15, 2024

യൂണിഫോം വേണ്ട; അച്ഛനെയും മകളെയും അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരേ ഉത്തരവ്

Must read

തിരുവനന്തപുരം: അച്ഛനെയും മകളെയും മോഷ്ടാക്കളെന്ന് ആരോപിച്ച് പരസ്യമായി അപമാനിച്ച സംഭവത്തിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരേ പട്ടികജാതി-പട്ടികവർഗ കമ്മീഷന്റെ ഉത്തരവ്. പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതയെ യൂണിഫോമിലുള്ള ജോലിയിൽനിന്ന് ഒഴിവാക്കണമെന്നാണ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.

പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളിൽനിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിർത്തണമെന്നും നിർദേശിച്ചു. പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി പോലീസ് സേനയുടെ അന്തസ്സിന് കളങ്കമേൽപ്പിച്ചെന്നും കമ്മീഷൻ വിലയിരുത്തി.

പിങ്ക് പോലീസ് സ്ക്വാഡിലെ ഉദ്യോഗസ്ഥ സി.പി. രജിതയാണ് തോന്നയ്ക്കൽ സ്വദേശിയായ ജയചന്ദ്രനെയും മകളെയും മൊബൈൽ മോഷ്ടാക്കളാക്കി ചിത്രീകരിക്കാൻ ശ്രമിച്ചത്. ഇവർ തന്റെ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ ഇരുവരെയും പരസ്യമായി വിചാരണ ചെയ്യുകയായിരുന്നു. ഓഗസ്റ്റ് മാസത്തിലായിരുന്നു സംഭവം. ഇത് വിവാദമായതോടെ രജിതയെ റൂറൽ എസ്.പി. ഓഫീസിലേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥക്കെതിരേ കർശന നടപടി വേണമെന്നായിരുന്നു ജയചന്ദ്രന്റെയും കുടുംബത്തിന്റെയും ആവശ്യം. വിവിധ സംഘടനകളും ഇവർക്ക് പിന്തുണമായി രംഗത്തെത്തിയിരുന്നു.

സംഭവം ഇങ്ങനെ…

ഐ.എസ്.ആർ.ഒ.യിലേക്കു ചേംബറുകളുമായി പോകുന്ന ട്രെയിലറുകൾ കാണാനാണ് ജയചന്ദ്രനും മകളും ആറ്റിങ്ങൽ മൂന്നുമുക്കിലെത്തിയത്. പിങ്ക് പോലീസിന്റെ കാർ നിർത്തിയിരുന്നതിന് അല്പമകലെയായി സ്കൂട്ടർ നിർത്തി മകൾക്ക് കടയിൽനിന്നു വെള്ളം വാങ്ങി കൊടുക്കുമ്പോൾ കാറിനടുത്തെത്തിയ പോലീസുകാരി ജയചന്ദ്രനോട് ഫോൺ ആവശ്യപ്പെടുകയായിരുന്നു. സ്വന്തം ഫോൺ നീട്ടിയപ്പോൾ കാറിൽനിന്ന് ഫോണെടുത്ത് ജയചന്ദ്രൻ മകളെ ഏൽപ്പിക്കുന്നതു കണ്ടുവെന്നും അത് നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ചോദ്യംചെയ്യലായി. അതോടെ ആളുകൾകൂടി.

ഫോണെടുത്തിട്ടില്ലെന്ന് ആണയിട്ടു പറഞ്ഞിട്ടും പോലീസുകാരി കേട്ടില്ലെന്ന് ജയചന്ദ്രൻ പറഞ്ഞു. അച്ഛനെയും മകളെയും ദേഹപരിശോധനയ്ക്ക് സ്റ്റേഷനിൽ കൊണ്ടുപോകണമെന്നായി. ഇതോടെ പേടിച്ച് കുട്ടി കരയാൻ തുടങ്ങി.

മോഷ്ടിക്കപ്പെട്ടുവെന്നു പറഞ്ഞ ഫോണിലേക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിതാ പോലീസ് ഉദ്യോഗസ്ഥ വിളിച്ചു. ബെൽ കേട്ട് നടത്തിയ തിരച്ചിലിൽ കാറിന്റെ സീറ്റുകവറിനുള്ളിൽ നിന്ന് ഫോൺ കണ്ടെടുത്തു. ഇവർ കുട്ടിയെ ആശ്വസിപ്പിച്ചെന്ന് ജയചന്ദ്രൻ പറയുന്നു. എന്നാൽ, പോലീസ് വാഹനത്തിൽനിന്നുതന്നെ മൊബൈൽഫോൺ കിട്ടിയിട്ടും രജിത ആക്ഷേപം തുടർന്നതായാണ് ആരോപണം. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week