തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മൂന്നാംക്ലാസുകാരിയെയും അച്ഛനെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത സംഭവം ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. പോലീസുകാരിയുടെ അതിക്രമത്തിന് ഇരയായ ജയചന്ദ്രന്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കഴിഞ്ഞദിവസം പിങ്ക് പോലീസ് പട്രോളിലെ സിവില്‍ പൊലീസ് ഓഫിസര്‍ എം ആര്‍ രജിതയെ 15 ദിവസത്തെ നല്ലനടപ്പ് പരിശീലനത്തിനായി കൊല്ലം സിറ്റിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്കാണ് ഇവരെ ആദ്യം സ്ഥലം മാറ്റിയത്. എന്നാല്‍ ഗുരുതര ആരോപണം ഉയര്‍ന്നിട്ടും സംഭവത്തെ പൊലീസ് നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ കൊല്ലത്തേക്ക് മാറ്റുകയായിരുന്നു.
കൃത്യനിര്‍വഹണത്തിനിടെ രജിത ഗുരുതര വീഴ്ച വരുത്തിയതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി വി കെ മധു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.കുറ്റം ആരോപിക്കപ്പെട്ട വ്യക്തി, തെറ്റു ചെയ്തില്ലെന്നു വ്യക്തമായ സാഹചര്യത്തില്‍, പൊലീസ് ഉദ്യോഗസ്ഥ അദ്ദേഹത്തോടു മാപ്പു ചോദിക്കണമായിരുന്നുവെന്നും അതുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.ആറ്റിങ്ങല്‍ ഊരൂപൊയ്ക സായിഗ്രാമത്തിന് സമീപം കോട്ടറ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കട്ടിയാട് മലമുകള്‍, കല്ലുവെട്ടാന്‍കുഴി വീട്ടില്‍ ജയചന്ദ്രനും (38), എട്ടു വയസ്സുള്ള മകള്‍ക്കുമാണ് രജിതയുടെ ഭാഗത്തുനിന്നും മോശമായ അനുഭവമുണ്ടായത്.
വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് മൂന്നുമുക്ക് ജങ്ഷനിലായിരുന്നു സംഭവം. ഐഎസ്ആര്‍ഒയിലേക്കുള്ള കൂറ്റന്‍ ഉപകരണങ്ങള്‍ കൊണ്ടു പോകുന്നത് കാണാനാണ് മകള്‍ക്കൊപ്പം ജയചന്ദ്രന്‍ സ്ഥലത്തെത്തിയത്.പൊലീസ് വാഹനത്തിന് അല്‍പം അകലെ നില്‍ക്കുകയായിരുന്ന ജയചന്ദ്രനെ, രജിത അടുത്തേക്ക് വിളിച്ച് വാഹനത്തില്‍ നിന്നു ഫോണ്‍ മോഷ്ടിച്ചതായി ആരോപിച്ച് അധിക്ഷേപിച്ചെന്നാണ് പരാതി.