ജിം ട്രെയിനറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; നാല് യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ ജിം ട്രെയിനറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പോലിസ് പിടിയിലായി. കീഴുന്ന സ്വദേശികളായ സി പി അര്‍ജുന്‍ (20), കെ വി റിവിത്ത് (32), ദീഷിത്ത്, തോട്ടട സ്വദേശി കൃഷ്ണദാസ് (25) എന്നിവരെയാണ് എടക്കാട് പൊലീസ് ബംഗളൂരുവില്‍ നിന്ന് പിടികൂടിയത്. ആക്രമണത്തിന് ശേഷം പ്രതികള്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയവെയാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് രാത്രി 11.30 ഓടെ കീഴുന്ന പാലപറമ്പ് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ ജിം ട്രെയിനറായ പി പി റജീഷിന് നേരെയാണ് ആക്രമണമുണ്ടായത്.

വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന റജീഷിനെയും സുഹൃത്തിനെയും പ്രതികള്‍ തടഞ്ഞുനിര്‍ത്തി ചീത്ത വിളിക്കുകയും ക്രിക്കറ്റ് ബാറ്റും മരത്തിന്റെ പട്ടികയും ഉപയോഗിച്ച് അടിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയും ആയിരുന്നു. നിസ്സാര കാര്യത്തിന്റെ പേരിലുണ്ടായ വാക്കേറ്റമാണ് കൊലപാതക ശ്രമത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റജീഷ് ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആക്രമണത്തിന് ശേഷം കാര്‍ മാര്‍ഗം കൂത്തുപറമ്പിലെത്തിയ പ്രതികള്‍ പിന്നീട് ബസ് മാര്‍ഗമാണ് മൈസൂരിലെത്തിയത്. പ്രതികള്‍ക്ക് ബംഗളൂരുവില്‍ ഒളിത്താവളം ഒരുക്കി നല്‍കിയ തലശ്ശേരി സ്വദേശിയും കീഴുന്നയിലെ റിസോര്‍ട്ട് മാനേജറുമായ ഷഹബാസിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ബംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് ഇവരെല്ലാം പിടിയിലായത്.

എടക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐ ഖലീല്‍ എം പി, പൊലീസ് ഉദ്യോഗസ്ഥരായ ലിനീഷ്, ലവന്‍, റിജില്‍ നിധീഷ്, നിതിന്‍, സനിത്ത്, മിഥുന്‍, നിധീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വധശ്രമത്തിന് കേസെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News