നീറ്റ് പരീക്ഷ; മാനസിക സമ്മര്‍ദം താങ്ങാനാവാതെ പത്തൊന്‍പതുകാരി ജീവനൊടുക്കി

നീറ്റ് പരീക്ഷ; തമിഴ്‌നാട്ടില്‍ മാനസിക സമ്മര്‍ദം താങ്ങാനാവാതെ പത്തൊന്‍പതുകാരി ജീവനൊടുക്കി

കോയമ്പത്തൂര്‍: നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കവെ തമിഴ്‌നാട്ടില്‍ 19 വയസ്സുകാരി ജീവനൊടുക്കി. അനു കീര്‍ത്തന എന്ന വിദ്യാര്‍ഥിനിയാണ് മാനസിക സമ്മര്‍ദം താങ്ങാനാവാതെ തൂങ്ങി മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയ്ക്കെതിരെ വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്. അടുത്തിടെയുണ്ടായ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ബാധിക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദമാണ് വിദ്യാര്‍ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മുന്‍പ് രണ്ട് തവണ നീറ്റ് പരീക്ഷ എഴുതിയ അനു കീര്‍ത്തന, മൂന്നാം തവണയും പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് ആത്മഹത്യ. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അനുകീര്‍ത്തനയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. വിദ്യാര്‍ഥിനിയുടെ മരണത്തിന് പിന്നാലെ കോയമ്പത്തൂരില്‍ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.

ഭരണകക്ഷിയായ ഡിഎംകെ തമിഴ്നാടിനെ നീറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ നിന്ന് സംസ്ഥാനത്തിന് ഒഴിവാക്കല്‍ വേണമെന്ന ദീര്‍ഘകാല ആവശ്യവും വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. നീറ്റ് പരീക്ഷ രാജ്യത്ത് നടപ്പിലാക്കിയത് മുതല്‍ തമിഴ്നാട് ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. വന്‍ തുക നല്‍കി സ്വകാര്യ കോച്ചിങ് സെന്ററുകളില്‍ പഠിക്കാന്‍ ശേഷിയുള്ള സമ്പന്നരായ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് നീറ്റ് പരീക്ഷ ഗുണം ചെയ്യുന്നതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ മികച്ച മാര്‍ക്ക് വാങ്ങിയാലും, ഗ്രാമീണ മേഖലകളിലെയും ദരിദ്ര കുടുംബങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷ വലിയ തിരിച്ചടിയാകുന്നുണ്ടെന്നും തമിഴ്നാട് സര്‍ക്കാര്‍ വാദിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News