ബെംഗളൂരു: വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്‍റെ പ്രകോപനത്തിൽ ബൈക്ക് യാത്രികരായ കുടുംബത്തെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം. ബെംഗളൂരുവിലെ സദാശിവൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ബെൽറോഡിലാണ് സംഭവം. വലതുവശം ചേർന്ന് പോയ ബൈക്കിനെ മനഃപൂർവ്വം ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. സംഭവത്തിൽ കൊടികെഹള്ളി സ്വദേശി സുകൃത്കേശവ ഗൗഡ (23) യെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞമാസമായിരുന്നു സംഭവം. മൂന്നംഗ കുടുബം ബൈക്കിൽ സഞ്ചരിക്കവെയാണ് പിന്നിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു കടന്നുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി കാറിലുള്ളവരും ബൈക്കിലുള്ളയാളും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് സംഭവം എന്നാണ് വിവരം.
ബൈക്ക് യാത്രികയായ സ്ത്രീയുടെ കൈയ്ക്കും തോളിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ബൈക്ക് ഓടിച്ചിരുന്നയാൾക്കും പരിക്കുണ്ട്. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
വലതുവശം ചേർന്നായിരുന്നു ബൈക്ക് പോയിക്കൊണ്ടിരുന്നത്. പിന്നിലൂടെ എത്തിയ കാർ പലതവണ ഹോൺ അടിച്ചെങ്കിലും ബൈക്ക് മാറ്റിയില്ലെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. തുടർന്ന് കാർ ബൈക്ക് യാത്രികരുടെ മേൽ ഓടിച്ചു കയറ്റുകയായിരുന്നു.
ബൈക്ക് യാത്രികരായ കുടുംബത്തിന്റെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷം പ്രതിയെ പിടികൂടുകയായിരുന്നു. സോഫ്റ്റ് വെയർ എൻജിനീയർ ആണ് സുകൃത്കേശവ് ഗൗഡ.


