ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ഫലപ്രദമാകാന്‍ ഏറ്റവുമാദ്യം ആഡംബര പെട്രോള്‍-ഡീസല്‍ കാറുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുകയല്ലേ വേണ്ടതെന്ന ചോദ്യവുമായി സുപ്രീം കോടതി. ഇ.വി നയം കാര്യക്ഷമമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച് ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്.
ഇലക്ട്രിക് വാഹന വിപണിയില്‍ ഇപ്പോള്‍ വലിയ പ്രീമിയം വാഹനങ്ങള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. പല വിഐപികളും വലിയ കമ്പനികളുമെല്ലാം ഉപയോഗിക്കുന്ന ഐസിഇ ആഡംബര വാഹനങ്ങളിലുള്ളതിന് സമാനമായ സംവിധാനങ്ങളും ഇത്തരം ഇ.വികളില്‍ നല്‍കുന്നുണ്ടെന്നും ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന ആഡംബര വാഹനങ്ങള്‍ക്ക് ‘നിരോധനം’ ഏര്‍പ്പെടുത്തുന്നത് പ്രായോഗികമാണോയെന്ന് പഠിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
ഇത്തരം വാഹനങ്ങള്‍ നിരോധിക്കുന്നത് രാജ്യത്തെ സാധാരണക്കാരെ ബാധിക്കുന്ന കാര്യമല്ല. ഇന്ത്യയിലെ ജനസംഖ്യയുടെ വളരെ ചെറിയൊരു ശതമാനം ആളുകള്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കൂ. ഞാന്‍ ഒരു കമ്പനിയുടെയും പേര് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതിയുടെ ഈ നിര്‍ദേശത്തോട് അനുകൂല നിലപാടാണ് സര്‍ക്കാരിനുമുള്ളതെന്നാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കിട്ടരമണി പറഞ്ഞത്. സര്‍ക്കാര്‍ ഈ ആശയവുമായി മുന്നോട്ട് പോകുകയാണെന്നും കേന്ദ്രത്തിന്റെ 13 മന്ത്രാലയങ്ങള്‍ ഇക്കാര്യത്തില്‍ സജീവമായ ഇടപെടല്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മുമ്പ് ഇലക്ട്രിക് വാഹനങ്ങളുടെ വില വളരെ കൂടുതലായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ പലവിധ സബ്സിഡികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളി ചാര്‍ജിങ് സ്റ്റേഷനുകളുടെ കുറവാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ കോടതിയെ അറിയിച്ചു.
നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകളും വരുമെന്ന് സുപ്രീം കോടതി പറഞ്ഞു. ഇത് വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. കൂടുതല്‍ പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. ഇലക്ട്രിക് വാഹന നയം പുനപരിശോധിക്കണമെന്നും കോടതി പറഞ്ഞു. കേസ് നാല് ആഴ്ചകള്‍ക്ക് ശേഷം വീണ്ടും പരിഗണിക്കും.


