FeaturedHome-bannerKeralaNews

അട്ടപ്പാടി മധു വധകേസിലെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്ന കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു (Madhu Murder case). മധുവിൻ്റെ അമ്മ വല്ലി നൽകിയ ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ ഓർഡർ ഇറക്കിയതും സർക്കാരിൻ്റെ വിശദീകരണം തേടിയതും

 മധു വധക്കേസിൻ്റെ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് സാക്ഷികൾ കേസിൽ കൂറുമാറിയിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി മധുവിൻ്റെ അമ്മയും സഹോദരിയും രംഗത്തു വന്നത്.ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ വിചാരണകോടതിയെ സമീപിച്ചെങ്കിലും പ്രോസിക്യൂട്ടറെ നിയമിക്കുന്നത് സർക്കാരായതിനാൽ ഒന്നും ചെയ്യാനില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഇതോടെയാണ് ഇവർ അപ്പീലുമായി ഹൈക്കോടതിയിൽ എത്തിയത്. പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യത്തിൽ സർക്കാർ നടപടി ഉണ്ടാകുന്നത് വരെ വിചാരണ തടയണമെന്നായിരുന്നു ആവശ്യം. കേസിൽ സർക്കാരിൻ്റെ വിശദീകരണം തേടിയ ഹൈക്കോടതി ഹർജി പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും. 

പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് മധുവിന്റെ സഹോദരി സരസു നേരത്തെ മണ്ണാർക്കാട് വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സർക്കാർ നിയമിച്ച അഭിഭാഷകനെ കോടതിയല്ല മാറ്റേണ്ടതെന്ന് വിചാരണ  കോടതി വിശദീകരിച്ചു. കുടുംബത്തിന് അങ്ങനെ ഒരാവശ്യം ഉണ്ടെങ്കിൽ സർക്കാരിനെ സമീപിക്കണമെന്നും കോടതി നിർദേശിച്ചു.

ഇതിന് പിന്നാലെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്‍റെ അമ്മ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് കത്ത് നല്‍കിയത്. കേസിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ അഡ്വ. സി രാജേന്ദ്രന് വിചാരണയിൽ പരിചയക്കുറവുണ്ടെന്നും രണ്ട് സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നുമാണ് കത്തിലെ ആരോപണം. അഡീഷണൽ പ്രോസിക്യൂട്ടറെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

കേസിൽ സാക്ഷികൾ പലരും ഇതിനോടകം കൂറുമാറുകയും കൂടുതൽ സാക്ഷികൾ കൂറുമാറാൻ സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യമാണെന്ന് മധുവിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു. ജൂണ് പത്തിന് തുടങ്ങിയ കേസിൻ്റെ വിചാരണയിൽ പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി  ചന്ദ്രൻ എന്നിവർ പ്രതികൾക്ക് അനുകൂലമായി കൂറ് മാറിയിരുന്നു. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button