ബൈക്കിന് സൈഡ് നല്‍കിയില്ല; തിരുവനന്തപുരത്ത് പിഞ്ചു കുഞ്ഞ് അടങ്ങുന്ന കുടുംബത്തെ വീടുകയറി ആക്രമിച്ചു

തിരുവനന്തപുരം: ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് കുടുംബത്തെ വീടുകയറി ആക്രമിച്ചു. സ്ത്രീകളും പിഞ്ചുകുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങള്‍ക്ക് നേരെ ആയിരുന്നു ആറംഗ അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടം. പ്രതികള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി നെടുമങ്ങാട് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ചുള്ളിമാനൂര്‍ ചെറുവേലിയില്‍ അക്രമി സംഘം വീടുകയറി ആക്രമിച്ചത്. വഞ്ചുവം സ്വദേശിയായ ഷെഹിന്‍ ഷായും കുടുംബവും ചെറുവേലിയിലെ ബന്ധു വീട്ടിലേക്ക് പോകവേ എതിരെ ബൈക്കില്‍ വന്ന യുവാക്കള്‍ക്ക് സൈഡ് നല്‍കിയില്ല എന്നതാണ് പ്രകോപനത്തിന് കാരണം.

വഴിയില്‍ വാഹനം തടഞ്ഞുനിര്‍ത്തിയ സംഘം കുടുംബത്തിന് നേരെ അക്രമം നടത്തി. കുട്ടികളും സ്ത്രീകളും അടങ്ങുന്ന കുടുംബാംഗങ്ങള്‍ തൊട്ടടുത്ത ബന്ധുവീട്ടില്‍ ഓടിക്കയറിയെങ്കിലും പിന്നാലെ എത്തിയ സംഘം അവിടെയും അക്രമം അഴിച്ചു വിടുകയായിരുന്നു. പരുക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News