കൊച്ചി: റോബിന്‍ഹുഡ് മോഡലില്‍ കൊച്ചിയില്‍ വീണ്ടും തട്ടിപ്പ്. എടിഎമ്മുകളില്‍ നിന്ന് ലക്ഷങ്ങളാണ് തട്ടിയത്. സംഭവത്തില്‍ ഹരിയാന സ്വദേശി അറസ്റ്റിലായിരിക്കുകയാണ്. ഹരിയാന സ്വദേശി ആലമിനെയാണ് കസ്റ്റഡിയിലെടുത്തത്. ഹരിയാനയിലെ മേവാത്തിലെത്തിയാണ് പ്രതിയെ പോലീസ് പിടികൂടിയത്.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ എടിഎമ്മുകളില്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ ഇയാള്‍ കവര്‍ന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പം കൂട്ടുപ്രതികളുണ്ട്. കേരളത്തില്‍ മാത്രമല്ല പല സംസ്ഥാനങ്ങളിലും ഇയാളെ സഹായിക്കാന്‍ ആളുകളുണ്ട്. യൂണിയന്‍ ബാങ്കിലെ എടിഎം തട്ടിപ്പിനാണ് കേസെടുത്തതെന്നും പോലീസ് അറിയിച്ചു.
ഈ വര്‍ഷം ഏപ്രില്‍ 24നാണ് അറസ്റ്റിലായ ആലം കേരളത്തിലേക്ക് എത്തുന്നത്. 26ന് ഇയാള്‍ വിമാനത്തില്‍ ഹരിയാനയിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് കൊച്ചിയിലെ വിവിധ ബാങ്കുകളില്‍ നിന്നായി എടിഎം വഴി ഇയാള്‍ കവര്‍ച്ച നടത്തിയത്. ഏഴോളം ബാങ്കുകളിലെ എടിഎമ്മില്‍ നിന്നാണ് പണം നഷ്ടമായിരിക്കുന്നത്.
എടിഎമ്മുകളില്‍ കൃത്രിമത്വം കാണിച്ചാണ് ഇയാള്‍ പണം എടുത്തിരുന്നത്. എന്നാല്‍ ബാങ്കുകള്‍ക്ക് വരുന്ന മെസേജില്‍ ഇടപാടുകള്‍ നടന്നില്ലെന്നും, പണം നഷ്ടമായെന്നും കാണിക്കും, ഇതേ തുടര്‍ന്ന് പണം ബാങ്കുകള്‍ ഇയാളുടെ അക്കൗണ്ടിലേക്ക് നല്‍കും. അങ്ങനെയാണ് ആലം വലിയ തട്ടിപ്പുകള്‍ നടത്തി പണം കവര്‍ന്നത്.
പല ബാങ്കുകളില്‍ നിന്നാണ് ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിയത്. ഇത് ബാങ്കുകളുടെ ജീവനക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്നതിനെ തുടര്‍ന്നാണ് തോപ്പുംപടിയിലെ യൂണിയന്‍ ബാങ്ക് പോലീസിന് പരാതി നല്‍കുന്നത്. തുടര്‍ന്ന് സിസിടിവി അടക്കം പരിശോധിച്ചപ്പോഴാണ് ഈ രീതിയില്‍ തട്ടിപ്പുകള്‍ നടന്നതായി പോലീസ് കണ്ടെത്തിയത്.
പിന്നീടാണ് പ്രതിയെ തിരഞ്ഞ് പോലീസ് ഹരിയാനയിലെത്തിയത്. അഞ്ച് ദിവസത്തോളം ഹരിയാനയില്‍ താമസിച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ നമ്പര്‍ ട്രേസ് ചെയ്ത്, വീട് കണ്ടെത്തി, ഹരിയാന പോലീസിനെ പോലും അറിയിക്കാതെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.