KeralaNews

ഹേമ കമ്മിറ്റി റിപ്പോർട്ട്; പുറത്തുവിടാത്ത പേജുകളും കോടതി പരിശോധിക്കും

കൊച്ചി: സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും വിളിച്ചുവരുത്തി പരിശോധിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനം റിപ്പോർട്ടിൽ അന്വേഷണം എന്ന നിർണായകമായ തീരുമാനത്തിലേക്കുള്ള ആദ്യചുവടുവെപ്പാകുമോയെന്നത് ചർച്ചയാകുന്നു.

അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി വ്യാഴാഴ്ച പരിഗണിക്കവേ മൊഴിനൽകിയവർക്ക് പോലീസിനെ സമീപിക്കാമല്ലോ എന്നായിരുന്നു കോടതിയുടെ ആദ്യപ്രതികരണം. അതല്ലെങ്കിൽ മജിസ്ട്രേറ്റ് കോടതിയിലും പരാതിനൽകാം -ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജിക്കാരനോട് പറഞ്ഞു.

അന്വേഷണം എന്ന ആവശ്യം റിപ്പോർട്ടിൽ ഇല്ലാത്തത് സർക്കാരും ചൂണ്ടിക്കാട്ടി. സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് ശുപാർശകളടങ്ങിയ റിപ്പോർട്ട് നൽകാനാണ് ഹേമ കമ്മിറ്റിയെ നിയമിച്ചതെന്നും വാദിച്ചു. ഈ വാദം തള്ളിക്കൊണ്ടാണ് റിപ്പോർട്ട് പൂർണമായും പരിശോധിക്കാൻ കോടതി തീരുമാനിച്ചത്.

സ്ത്രീകൾക്കെതിരേ ലൈംഗികാതിക്രമവും ചൂഷണവും നടന്നുവെന്ന് റിപ്പോർട്ടിലുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോഴും അന്വേഷണം എന്ന ആവശ്യം ഹൈക്കോടതി മുൻ ജഡ്ജികൂടിയായ കെ. ഹേമ റിപ്പോർട്ടിൽ ഉന്നയിച്ചിട്ടില്ലെന്നതായിരുന്നു അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടിയത്. ഇതിനായി റിപ്പോർട്ടിലെ ചില പേജുകളും പ്രത്യേകം പരാമർശിച്ചു. അന്വേഷണമടക്കമുള്ള ആവശ്യം ഇല്ലാത്തതിനാലാണ് ജുഡീഷ്യൽ കമ്മിഷനുപകരം കമ്മിറ്റിയെ നിയോഗിച്ചത് എന്നും വിശദീകരിച്ചു.

290 പേജുകൾ അടങ്ങിയതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇതിൽ 233 പേജുകളാണ് വിവരാവകാശ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പുറത്തുവിട്ടത്. പുറത്തുവിടാത്ത 57 പേജുകളിൽ വ്യക്തികളുടെ സ്വകാര്യതയിലേക്ക് വിരൽചൂണ്ടുന്ന ഭാഗങ്ങളുണ്ടെന്ന പേരിലാണ് നൽകാതിരുന്നത്. ഇതടക്കം മുദ്രവെച്ച കവറിൽ ഹാജരാക്കാനാണ് കോടതി നിർദേശം.

അപ്പോഴും റിപ്പോർട്ടിന്റെ അനുബന്ധമായ വാട്സാപ്പ് ചാറ്റുകളും ഒാഡിയോ, വീഡിയോ ദൃശ്യങ്ങളും ഒന്നും കോടതിയിൽ എത്തില്ല. കമ്മിറ്റി അവ സർക്കാരിന് കൈമാറിയിട്ടില്ല എന്നാണ് എ.ജി. കോടതിയിൽ പറഞ്ഞത്. റിപ്പോർട്ട്് പരിശോധിച്ചശേഷം കോടതി ഇവയും വിളിച്ചുവരുത്തി പരിശോധിക്കുമോ എന്നൊന്നും ഇപ്പോൾ വ്യക്തമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker