കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141.65 അടിയായി ഉയര്‍ന്നു. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമായിരുന്നു. നിലവില്‍ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി 814 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം.
തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി ഉയര്‍ത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഭാഗമായി എല്ലാ നടപടികളും തമിഴ്‌നാട് സ്വീകരിച്ചിട്ടുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്ന ആളുകള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.60 അടിയായി ഉയര്‍ന്നിട്ടിട്ടുണ്ട്. ഇന്നലെ വൈകുന്നേരം പെയ്ത മഴയില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഇടുക്കി അണക്കെട്ടില്‍ എത്തുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. നിലവില്‍ ഇടുക്കി ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുയാണ്.
അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ് ഒഴികെയുള്ള പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പന്ത്രണ്ട് ജില്ലകളിലും ഞായറാഴ്ച പതിമൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.