വാഷിംഗ്ടണ്‍: ബഹിരാകാശ ശാസ്ത്രരംഗത്ത് വീണ്ടുമൊരു ഇന്ത്യന്‍ തിളക്കം കൂടി. പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും ഡോക്ടറുമായ അനില്‍ മേനോന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തന്റെ എട്ട് മാസം നീണ്ട ചരിത്ര ദൗത്യത്തിന് ഒരുങ്ങുകയാണ്. വരും ദിവസങ്ങളില്‍, അതായത് ജൂലൈ 14-ന് കസാഖ്സ്ഥാനിലെ ബൈക്കോനൂര്‍ കോസ്മോഡ്രോമില്‍ നിന്ന് റഷ്യയുടെ സോയൂസ് എംഎസ്-29 ബഹിരാകാശ പേടകത്തിലാണ് അനില്‍ മേനോന്‍ യാത്ര തിരിക്കുന്നത്.
റഷ്യന്‍ കോസ്മോണോട്ടുകളായ പ്യോട്ടര്‍ ഡുബ്രോവ്, അന്ന കികിന എന്നിവരും ഈ സുപ്രധാന ദൗത്യത്തില്‍ അദ്ദേഹത്തിനൊപ്പമുണ്ടാകും. ദീര്‍ഘകാലത്തെ ബഹിരാകാശവാസം മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള കടുത്ത പരീക്ഷണങ്ങളും, ഭാവിയിലെ ചൊവ്വാ-ചന്ദ്ര ദൗത്യങ്ങള്‍ക്ക് ആവശ്യമായ അത്യാധുനിക സാങ്കേതികവിദ്യകളുടെ വികസനവുമാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.
മിനിയാപോളിസില്‍ യുക്രേനിയന്‍-ഇന്ത്യന്‍ കുടിയേറ്റ ദമ്പതികളുടെ മകനായി ജനിച്ച 49-കാരനായ ഡോ. അനില്‍ മേനോന്റെ ജീവിതം ഏതൊരു സിനിമയെയും വെല്ലുന്നതാണ്. എമര്‍ജന്‍സി മെഡിസിന്‍ ഫിസിഷ്യനായ അദ്ദേഹം യു.എസ് സ്പേസ് ഫോഴ്സിലെ കേണല്‍ കൂടിയാണ്. യു.എസ് എയര്‍ഫോഴ്സ് നടത്തിയ അഫ്ഗാനിസ്ഥാനിലെ മുന്‍നിര പോരാട്ടങ്ങളില്‍ പങ്കാളിയായിട്ടുള്ള അദ്ദേഹം നിരവധി ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. പണ്ട് റോട്ടറി അംബാസഡറായി ഇന്ത്യയില്‍ വന്ന് പോളിയോ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ചരിത്രവുമുണ്ട് ഈ മലയാളി വേരുകളുള്ള ശാസ്ത്രജ്ഞന്.
2014-ല്‍ ഫ്‌ലൈറ്റ് സര്‍ജനായാണ് നാസയില്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സില്‍ ചേര്‍ന്ന അനില്‍, കമ്പനിയുടെ ഹ്യൂമന്‍ സ്പേസ് പ്രോഗ്രാമിന് തുടക്കം കുറിക്കുകയും അവരുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രകള്‍ക്ക് മെഡിക്കല്‍ നേതൃത്വം നല്‍കുകയും ചെയ്തു. സ്‌പേസ് എക്‌സിന്റെ സ്വപ്ന പ്രൊജക്റ്റായ ‘സ്റ്റാര്‍ഷിപ്പ്’ റോക്കറ്റിന്റെ നിര്‍മ്മാണത്തിലും അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചു. 2021 ഡിസംബറിലാണ് അദ്ദേഹം നാസയുടെ ഔദ്യോഗിക ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെടുന്നത്.
ഇദ്ദേഹത്തിന്റെ ഭാര്യ അന്ന വില്‍ഹെമും പ്രശസ്തയായ ബഹിരാകാശ യാത്രികയാണ്. കഴിഞ്ഞ 2024 സെപ്റ്റംബറില്‍ സ്‌പേസ് എക്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ ലോകത്തെ ഞെട്ടിച്ച ‘പോളാരിസ് ഡോണ്‍’ എന്ന സ്വകാര്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി അവര്‍ യാത്ര ചെയ്തിരുന്നു. ഇപ്പോള്‍ ഭര്‍ത്താവും അതേ വഴിയിലൂടെ ചരിത്രത്തിലേക്ക് നടക്കുകയാണ്.
ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥ മനുഷ്യന്റെ രക്തയോട്ടത്തെയും സിരകളുടെ ഘടനയെയും എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് പരിശോധിക്കുന്ന വിപുലമായ പരീക്ഷണങ്ങള്‍ക്ക് മേനോന്‍ നേതൃത്വം നല്‍കും. കൂടാതെ ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ‘ഐവി ഫ്‌ലൂയിഡുകള്‍’ നിര്‍മിക്കുന്ന സാങ്കേതികവിദ്യയും പരിശോധിക്കും. ഭാവിയില്‍ മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും എത്തിക്കാന്‍ ബുദ്ധിമുട്ടുള്ള ദീര്‍ഘദൂര ബഹിരാകാശ യാത്രകളില്‍ ഈ സംവിധാനം വഴിത്തിരിവാകും.
ഇതുകൂടാതെ, സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ക്കും എ.ഐക്കും ആവശ്യമായ സെമികണ്ടക്ടര്‍ ക്രിസ്റ്റലുകള്‍ ബഹിരാകാശത്തെ പ്രത്യേക സാഹചര്യത്തില്‍ വെച്ച് നിര്‍മിക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങളും ഈ എട്ടു മാസത്തിനിടെ നടക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഓഗ്മെന്റഡ് റിയാലിറ്റിയുടെയും സഹായത്തോടെ ഭൂമിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സഹായമില്ലാതെ തന്നെ ബഹിരാകാശത്ത് അള്‍ട്രാസൗണ്ട് പരിശോധനകള്‍ നടത്താന്‍ സഹായിക്കുന്ന വിദ്യകളും ഈ ദൗത്യത്തിലൂടെ പരീക്ഷിക്കപ്പെടുന്നുണ്ട്. വൈദ്യശാസ്ത്രത്തിലും ബഹിരാകാശ ഗവേഷണത്തിലും ഒരുപോലെ മുദ്ര പതിപ്പിച്ച ഈ 49-കാരന്റെ ദൗത്യത്തിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം.
English Summary
Indian-origin astronaut and NASA scientist Dr. Anil Menon is set to lead a historic mission to the International Space Station (ISS) on July 14, 2026, to investigate how the human body reacts to prolonged space travel. Powered by advanced supercomputers and Artificial Intelligence (AI), the mission will monitor real-time biological changes, including bone density loss, muscular atrophy, and radiation impacts on human DNA. Dr. Menon, a former Medical Director at SpaceX and an emergency medicine expert, will conduct these critical experiments on the ISS to help NASA prepare for future manned missions to Mars.


