ബംഗാളിൽ അതിവേഗ ‘ഓപ്പറേഷൻ താമര’; തൃണമൂൽ വിട്ടെത്തിയ മൂന്ന് നേതാക്കൾക്കും മണിക്കൂറുകൾക്കകം രാജ്യസഭാ സീറ്റ് നൽകി ബിജെപി

കൊല്‍ക്കത്ത: ബംഗാള്‍ രാഷ്ട്രീയത്തില്‍ അട്ടിമറികളുടെ പൂരം തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) വിട്ട് ബിജെപി പാളയത്തിലെത്തിയ മൂന്ന് പ്രമുഖ മുന്‍ എംപിമാര്‍ക്കും മണിക്കൂറുകള്‍ക്കകം രാജ്യസഭാ സീറ്റ് പാരിതോഷികമായി പ്രഖ്യാപിച്ച് ബിജെപി കേന്ദ്ര നേതൃത്വം ഞെട്ടിച്ചിരിക്കുകയാണ്. മുന്‍ തൃണമൂല്‍ കരുത്തരായ സുഷ്മിത ദേവ്, സുഖേന്ദു ശേഖര്‍ റേ, പ്രകാശ് ചിക് ബറൈക്ക് എന്നിവര്‍ക്കാണ് ബിജെപി ടിക്കറ്റില്‍ വീണ്ടും പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് വഴിതുറക്കുന്നത്.ഈ മൂന്ന് സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം ജൂലൈ 24ന് നടക്കും.

കഴിഞ്ഞ മാസം മാത്രമാണ് മൂവരും തൃണമൂല്‍ അംഗത്വവും ഒപ്പം രാജ്യസഭാ എംപി സ്ഥാനവും രാജിവെച്ചത്. വ്യാഴാഴ്ച കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമിക് ഭട്ടാചാര്യയില്‍ നിന്ന് പാര്‍ട്ടി പതാക ഏറ്റുവാങ്ങി മണിക്കൂറുകള്‍ക്കകമാണ് ഇവരെ തേടി സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമെത്തിയത്.

കഴിഞ്ഞ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരിട്ട വന്‍ പരാജയത്തിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ വന്‍ ഭിന്നതയും കൊഴിഞ്ഞുപോക്കും തുടങ്ങിയത്. രാജിവെച്ചവരില്‍ സുഖേന്ദു ശേഖര്‍ റേ, പ്രകാശ് ചിക് ബറൈക്ക് എന്നിവര്‍ക്ക് 2029 സെപ്റ്റംബര്‍ വരെയും, സുഷ്മിത ദേവിന് 2030 ഏപ്രില്‍ വരെയും കാലാവധി ബാക്കിയുണ്ടായിരുന്നു. എന്നാല്‍ തൃണമൂലിന്റെ കപ്പല്‍ മുങ്ങുമെന്നുറപ്പായതോടെ ഇവര്‍ കൃത്യമായ രാഷ്ട്രീയ നീക്കം നടത്തുകയായിരുന്നു.

‘അഴിമതിയില്ലാത്ത, ജനങ്ങളെ പീഡിപ്പിക്കാത്ത ആര്‍ക്കും ബിജെപിയിലേക്ക് വരാം. ഈ മൂന്ന് നേതാക്കളുടെ പരിചയസമ്പത്ത് ബംഗാളില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കുംമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമിക് ഭട്ടാചാര്യ പറയുന്നത്. നിലവിലെ നിയമസഭയിലെ അംഗബലം വെച്ച് നോക്കുമ്പോള്‍ മൂന്ന് സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ സുഖമായി ജയിച്ചുകയറും.

ബംഗാള്‍ നിയമസഭയിലെ സീറ്റ് നില നിലവില്‍ ഇങ്ങനെയാണ്:

ബിജെപി -207, തൃണമൂല്‍ കോണ്‍ഗ്രസ്- 80, കോണ്‍ഗ്രസ് -2, എ.ജെ.യു.പി-1, സി.പി.ഐ (എം)-1, ഐ.എസ്.എഫ് -1.

ഭരണപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ബിജെപി ക്യാമ്പ് കടുത്ത ആത്മവിശ്വാസത്തിലാണ്.മമതയും റിതബ്രതയും തമ്മില്‍ തല്ലി; ടിഎംസി പിളര്‍ന്നു!മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രതിപക്ഷ നേതാവ് റിതബ്രത ബാനര്‍ജിയും തമ്മിലുള്ള ആഭ്യന്തര തര്‍ക്കത്തെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ പൂര്‍ണ്ണമായും രണ്ട് തട്ടിലാണ്. ഇതോടെ പ്രതിപക്ഷ നിരയുടെ ആകെ അംഗബലം 85 ആയി ചുരുങ്ങി.നിലവിലെ കണക്കുകള്‍ പ്രകാരം വിമതനായ റിതബ്രത ക്യാമ്പിനൊപ്പം 65 എംഎല്‍എമാരുണ്ട്. എന്നാല്‍ ഔദ്യോഗിക പക്ഷമായ മമത ബാനര്‍ജിക്കൊപ്പം വെറും 15 എംഎല്‍എമാര്‍ മാത്രമാണ് അവശേഷിക്കുന്നത്.

ലോക്സഭയിലും നിയമസഭയിലും ഒരുപോലെ തകര്‍ന്നടിയുന്ന തൃണമൂലിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ബിജെപിയുടെ ഈ പുതിയ ‘രാജ്യസഭാ’ സര്‍പ്രൈസ്. മൂന്ന് മുന്‍ തൃണമൂല്‍ നേതാക്കളും താമര ചിഹ്നത്തില്‍ പാര്‍ലമെന്റിലെത്തുന്നത് കാണാന്‍ ജൂലൈ 24 വരെ കാത്തിരിക്കാം

English Summary

In a swift political move dubbed ‘Operation Lotus’, the Bharatiya Janata Party (BJP) inducted three prominent Trinamool Congress (TMC) leaders in West Bengal and rewarded them with Rajya Sabha seats within hours. The strategic move comes ahead of the upcoming Rajya Sabha elections scheduled for July 24. The BJP central leadership orchestrated this rapid transition to secure a two-thirds majority in the Rajya Sabha, essential for passing crucial legislative bills. While the TMC forms counter-strategies to prevent further defections, this development has triggered intense debates on horse-trading and political realignments in West Bengal.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News