ആറ് മത്സരത്തിൽ അഞ്ചും തോറ്റു; നായകനായി ശ്രേയസ് അയ്യർ ദുരന്തമാകുന്നു, ഗംഭീറിനെതിരെയും ആരാധകരോഷം ശക്തം; ലോകകപ്പ് ഹീറോയായ സഞ്ജുവിനെ തഴഞ്ഞതിന്റെ കട്ടക്കലിപ്പില്‍ ആരാധകരും

ബ്രിസ്റ്റോള്‍: വ്യാഴാഴ്ച ബ്രിസ്റ്റോളില്‍ ഇന്ത്യയുടെ കളി അവസാനിച്ചതിന് പിന്നാലെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും തമ്മില്‍ ദീര്‍ഘനേരം നീണ്ട ചര്‍ച്ചയിലായിരുന്നു. ആ മുഖങ്ങളിലെ ഗൗരവവും നിശ്ചലതയും വ്യക്തമാക്കിയത് ഒന്നേയുള്ളൂ; ആറ് മത്സരങ്ങളില്‍ അഞ്ചാമത്തെയും തോറ്റ് തുന്നംപാടിയ ഒരു ടീമിന്റെ തലപ്പത്തിരിക്കുന്നവരുടെ നിസ്സഹായാവസ്ഥ! അടുത്തകാലത്തൊന്നും ഇന്ത്യന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് ടീം കാണാത്ത അത്രയും ദയനീയമായ ഒരു ഇംഗ്ലണ്ട് പര്യടനത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. 2018-19 സീസണിന് ശേഷം ആദ്യമായാണ് ഇന്ത്യ തുടര്‍ച്ചയായി രണ്ട് ടി20 പരമ്പരകള്‍ തോല്‍ക്കുന്നത്. വെറുമൊരു തോല്‍വിയല്ല, എതിരാളികള്‍ക്ക് മുന്നില്‍ പൊരുതാന്‍ പോലുമാകാതെയുള്ള അടിയറവുപറച്ചില്‍. ലോകകപ്പുയര്‍ത്തിയിന് പിന്നാലെയാണ് ഈ തുടര്‍തോല്‍വികള്‍ എന്നതാണ് ശ്രദ്ധേയമായ കാര്യം.

പര്യടനത്തിലെ ആദ്യ കളിയില്‍ അയര്‍ലന്‍ഡിനോട് തോറ്റപ്പോള്‍ അതൊരു ഒറ്റപ്പെട്ട സംഭവം എന്ന് കരുതിയവര്‍ക്ക് തെറ്റി. അയര്‍ലന്‍ഡിന്റെ വളര്‍ച്ചയെ ഇന്ത്യ കുറച്ചുകണ്ടു എന്ന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് തന്നെ സമ്മതിക്കേണ്ടി വന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരം മഴ കൊണ്ടുപോയപ്പോള്‍, നാലാം മത്സരത്തില്‍ ഇന്ത്യ വീണ്ടും തോറ്റു. എന്നാല്‍ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന അഞ്ചാം മത്സരത്തില്‍ 125 റണ്‍സിന് തകര്‍ന്നടിഞ്ഞതോടെ ഇന്ത്യ കേവലം ഒരു ഫോമില്ലായ്മയിലല്ല, മറിച്ച് വലിയൊരു പ്രതിസന്ധിയിലാണെന്ന് ഉറപ്പായി.

അന്ന് വെറും 76 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടായത്. ടി20 ചരിത്രത്തിലെ ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ഒരു ബാറ്റര്‍ പോലും 20 റണ്‍സ് കടന്നതുമില്ല. ഇതിലും താഴേക്ക് ഇന്ത്യക്ക് ഇനി പോകാനില്ലെന്ന് ശ്രേയസ് അയ്യര്‍ പറഞ്ഞെങ്കിലും രണ്ട് ദിവസത്തിന് ശേഷം ബ്രിസ്റ്റോളിലെ കൗണ്ടി ഗ്രൗണ്ടില്‍ ഇന്ത്യ വീണ്ടും നാണംകെട്ടു. ഇന്ത്യ ഉയര്‍ത്തിയ 159 റണ്‍സ് എന്ന വിജയലക്ഷ്യം ഹാരി ബ്രൂക്കിന്റെ ഇംഗ്ലണ്ട് വെറും 13.5 ഓവറില്‍ അടിച്ചെടുത്തു. 2022 ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തച്ചുതകര്‍ത്തതിന്റെ കൃത്യമായ ഓര്‍മ്മപ്പെടുത്തലായിരുന്നു ഈ കളി.

തുടര്‍ച്ചയായ ലോകകപ്പ് വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ്, ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനെ മാറ്റി രണ്ട് വര്‍ഷമായി ടീമിന് പുറത്തിരുന്ന ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യ ക്യാപ്റ്റന്‍ സ്ഥാനം വെച്ചുനീട്ടിയത്. സൂര്യകുമാര്‍ യാദവിനൊപ്പം ലോകകപ്പിന്റെ ഹീറോയായ സഞ്ജു സാംസണെയും പൂര്‍ണമായും തള്ളി. മൂന്ന് മത്സരങ്ങളിലെ തോല്‍വിയുടെ പേരില്‍ സഞ്ജുവിനെ മാറ്റിയതോടെ തിരിച്ചുവരവിന് ഒരു അവസരം പോലും ലഭിക്കാത്ത അവസ്ഥയായി. സഞ്ജു ആരാധകരാകട്ടെ കട്ടകലിപ്പിലുമാണ്.

ടീ മാനേജ്‌മെന്റിന്റെ പുതിയ പരീക്ഷണങ്ങളുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ കൂപ്പുകുത്തുകയാണ്. ബാറ്റര്‍മാര്‍ താളം കണ്ടെത്തുന്നില്ല, ബൗളിങ് പ്ലാനുകള്‍ ഓരോ മത്സരത്തിലും മാറിക്കൊണ്ടേയിരിക്കുന്നു. ലോകകപ്പ് ജേതാവായ ക്യാപ്റ്റനെ മാറ്റാന്‍ കാണിച്ച ധാര്‍ഷ്ട്യം ഇപ്പോള്‍ തിരിഞ്ഞുകൊത്തുകയാണ്. കൃത്യം ഒരു വര്‍ഷം മുന്‍പും ഇത്തരമൊരു ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ ഇതേ ആശങ്കയിലായിരുന്നു. അന്ന് ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി തകര്‍ന്നതിന് പിന്നാലെ ശുഭ്മാന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റനാക്കി. ഓവലിലെ അവസാന ടെസ്റ്റിന്റെ അവസാന ദിനം ഇംഗ്ലണ്ടിന് ജയിക്കാന്‍ 35 റണ്‍സ് മാത്രം മതിയാകുമായിരുന്ന ഘട്ടത്തില്‍ മുഹമ്മദ് സിറാജ് എറിഞ്ഞ അത്ഭുത സ്‌പെല്ലാണ് അന്ന് ഇന്ത്യക്ക് സമനില സമ്മാനിച്ചത്.

അന്ന് സിറാജ് പരമ്പര രക്ഷിച്ചപ്പോള്‍ മാനേജ്മെന്റിന്റെ പാളിച്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളെല്ലാം ഒടുങ്ങി, ഗംഭീര്‍ രക്ഷപ്പെട്ടു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം, കൃത്യമായ തന്ത്രങ്ങളില്ലാതെ ഇറങ്ങിയ ഗംഭീറിന്റെ ടീമിനെ രക്ഷിക്കാന്‍ ഇത്തവണ ഒരു സിറാജ് ഉണ്ടായിരുന്നില്ല. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ലോകകപ്പ് സെമിയില്‍ ഇന്ത്യ തോല്‍പ്പിച്ച അതേ ടീമിന് മുന്നില്‍ ഇന്ത്യക്ക് 0-3 ന് പരമ്പര അടിയറവ് വെക്കേണ്ടി വന്നു. ലോകകപ്പില്‍ ഗംഭീറിന്റെ പരീക്ഷണങ്ങള്‍ പാളിയപ്പോഴാണ് സഞ്ജു രക്ഷകനായത്. ഗംഭീറിന്റെ തന്ത്രങ്ങളിലെ പാളിച്ചകള്‍ തുറന്നുകാട്ടി കുംബ്ലെയും വരുണ്‍ ആരോണും പോലുള്ളവര്‍ രംഗത്തുവന്നിട്ടുമ്ട്.

ടി20യില്‍ രണ്ട് സെഞ്ചുറി നേടിയ തിലക് വര്‍മ്മയെ എന്തുകൊണ്ട് മൂന്നാം നമ്പരില്‍ നിന്നും ആറാം നമ്പരിലേക്ക് മാറ്റി? ശിവം ദുബെയുടെ റോള്‍ എന്താണ്? പേസ് ബൗളിങ്ങിനെതിരെ ദുബെയെ സംരക്ഷിക്കേണ്ടതുണ്ടോ? അങ്ങനെയെങ്കില്‍ അക്‌സര്‍ പട്ടേലല്ലേ ഭേദം? ഇടംകയ്യന്‍ ബാറ്റര്‍മാര്‍ക്ക് മാത്രം ഇന്ത്യ അനാവശ്യ മുന്‍ഗണന നല്‍കുന്നത് എന്തുകൊണ്ടാണ്? ഓരോ കളിയിലും ബൗളിങ് നിരയെ മാറ്റുന്നതെന്തിന്? ക്യാപ്റ്റന് സ്ഥിരമായി 5 ബൗളര്‍മാരെ നല്‍കിക്കൂടേ? വാഷിങ്ടണ്‍ സുന്ദറിനെ എന്തിനാണ് ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്? ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററോ ബൗളറോ അല്ലേ കൂടുതല്‍ നല്ലത്? ഇങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയര്‍്ത്തുന്നത്.

ഇന്ത്യന്‍ ബാറ്റര്‍മാര്‍ പിച്ചിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറാന്‍ തയ്യാറാകാത്തതാണ് പ്രധാന പരാജയം. 2014-ല്‍ ഗൗതം ഗംഭീറിന്റെ ഇംഗ്ലണ്ടിലെ ബാറ്റിങ് കണ്ട് പ്രശസ്ത കമന്റേറ്റര്‍ ജഫ്രി ബോയ്‌ക്കോട്ട് ഗംഭീറിനെ തത്സമയം ‘റബ്ബിഷ്’ എന്ന് വിളിച്ചിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷം, പരിശീലകനായി എത്തി ഇംഗ്ലണ്ടിലെ ഇതേ മൈതാനങ്ങളില്‍ ഇന്ത്യന്‍ ടീം തകര്‍ന്നടിയുമ്പോള്‍ ആ ‘റബ്ബിഷ്’ എന്ന വാക്ക് ഗംഭീറിന്റെ ബാറ്റിങ്ങിന് മാത്രമല്ല, അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ക്കും പരിശീലനത്തിനും കൂടിയുള്ളതാണെന്ന് തെളിയുകയാണ്.

ഇതൊരു പരിവര്‍ത്തന ഘട്ടമാണെന്നും ആരാധകര്‍ ക്ഷമിക്കണമെന്നുമാണ് തോല്‍വിക്ക് ശേഷം ശ്രേയസ് അയ്യര്‍ പറയുന്നത്. ഇന്ത്യയിലെ ഫ്‌ലാറ്റ് പിച്ചുകളിലേക്ക് മടങ്ങുമ്പോള്‍ ഇന്ത്യ വീണ്ടും റണ്‍സ് അടിച്ചുകൂട്ടിയേക്കാം, ചോദ്യങ്ങള്‍ അവസാനിച്ചേക്കാം. എന്നാല്‍ ഇംഗ്ലണ്ടിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ ഗൗതം ഗംഭീര്‍ എന്ന കോച്ചിന്റെ തന്ത്രപരമായ അറിവില്ലായ്മയെ പൂര്‍ണ്ണമായും തുറന്നുകാട്ടിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം സിറാജ് എന്ന മാന്ത്രികന്‍ ഗംഭീറിന്റെ പിഴവുകളെ മൂടിവെച്ചു, എന്നാല്‍ ഇത്തവണ ഗംഭീറിനെ രക്ഷിക്കാന്‍ ആരുമുണ്ടായില്ല.

English Summary

Indian temporary captain Shreyas Iyer faces severe criticism after losing five out of six matches as skipper, concluding a disastrous run from Ireland to Trent Bridge. With consecutive overseas series defeats under new head coach Gautam Gambhir, fans and experts have raised heavy slogans against the team management. The backlash intensified significantly over the exclusion of World Cup hero Sanju Samson and premier pacer Mohammed Siraj from the playing eleven. Critics argue that omitting matching-winning players like Samson and Siraj deeply affected India’s performance on overseas tracks, placing Gambhir’s selection policies under intense scrutiny.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News