തിരുവനന്തപുരം: തീരദേശത്ത് അഞ്ചു വര്‍ഷം കൊണ്ട് 5000 കോടി രൂപയുടെ സംരക്ഷണ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് കടലാക്രമണം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സംസ്ഥാനത്ത് പത്ത് ഇടങ്ങളില്‍ കടല്‍ത്തീരം ശോഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തീരങ്ങളില്‍ ടെട്രാപാഡ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പി.സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
ശംഖുമുഖത്തോട് അവഗണന ഇല്ലെന്നും മത്സ്യത്തൊഴിലാളികളുടെ ഏതൊരു വിഷമവും സംസ്ഥാനത്തിന്റെയാകെ വിഷമമായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശംഖുമുഖം റോഡ് പൂര്‍ണമായി തകര്‍ന്നു. നാലുകൊല്ലം കഴിഞ്ഞിട്ടും ഇവിടെ റോഡ് നിര്‍മാണത്തിന് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അധികാരികളുടെ കണ്‍മുന്നിലാണ് വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളികള്‍ മരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ചെല്ലാനത്തും സ്ഥിതി രൂക്ഷമാണെന്നും പരമ്പരാഗത രീതികള്‍ കൊണ്ട് തീരം സംരക്ഷിക്കാന്‍ കഴിയില്ലെന്നും പി.സി വിഷ്ണുനാഥ് പറഞ്ഞു.
മഴ തീര്‍ന്നാല്‍ തീര സംരക്ഷണ നടപടികള്‍ ശക്തിപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാനും സഭയില്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം മുഖ്യമന്ത്രി തീര സംരക്ഷണത്തിന് എന്താണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു. വീട് നഷ്ടപെട്ട തീരവാസികള്‍ക്ക് പ്രത്യക പാക്കേജ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് പിന്നീട് സ്പീക്കര്‍ എംബി രാജേഷ് അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്നു പ്രതിപക്ഷം സഭ വിട്ടിറങ്ങി.