നിയന്ത്രണം വിട്ട് മറിഞ്ഞ ആംബുലന്‍സില്‍ മദ്യം സൂക്ഷിച്ചുവെന്ന് പരാതി; ഡ്രൈവറെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: നെടുമങ്ങാട് നിയന്ത്രണംവിട്ട് മറിഞ്ഞ ആംബുലന്‍സില്‍ മദ്യം സൂക്ഷിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെന്നും ആംബുലന്‍സില്‍ നിന്ന് മദ്യം കണ്ടെത്താനായില്ലെന്നും നെടുമങ്ങാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. വിനോദ് പറഞ്ഞു.

ഞായറാഴ്ച രാത്രി 7.30ഓടെ പരിയാരം ഗുരുദേവ മന്ദിരത്തിന് സമീപത്താണ് ആംബുലന്‍സ് മറിഞ്ഞത്. വെമ്പായം ഗ്രാമപഞ്ചായത്ത് പി.എച്ച്.സിയിലെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറും മറ്റൊരു ജീവനക്കാരനും പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടു. കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പ്രവേശിപ്പിച്ച ശേഷം മടങ്ങിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

രോഗിയില്ലാതെ ബീക്കണ്‍ ലൈറ്റ് കത്തിച്ച് അമിത വേഗതയില്‍ പോവുകയായിരുന്നുവെന്നും മറിഞ്ഞയുടനെ ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് വാര്‍ഡ് മെമ്പര്‍ എം. സതീശന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. ഡ്രൈവറും സഹായിയും മദ്യപിച്ചിരുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News