ജയ്ഹിന്ദിന് പിന്നാലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ചാനല്‍ മുത്തശ്ശി; കട്ടിംഗ് 10 മുതല്‍ 35 ശതമാനം വരെ, മാധ്യമ സ്ഥാപനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സൂചന
തിരുവനന്തപുരം: കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ടി.വിയ്ക്ക് പിന്നാലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് പ്രമുഖ ചാനലായ ഏഷ്യാനെറ്റ് ന്യൂസും. 35,000 രൂപയ്ക്ക് മുകളില്‍ ശമ്പളം പറ്റുന്നവര്‍ക്കാണ് കട്ടിംഗ് ബാധകമാകുക. 35,000 മുതല്‍ ഒരു ലക്ഷം വരെ ശമ്പളം പറ്റുന്നവരുടെ ശമ്പളത്തിന്റെ 10 മുതല്‍ 15 ശതമാനം വരെ കട്ട് ചെയ്യാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.
അതേസമയം ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം പറ്റുന്നവരുടെ 30 മുതല്‍ 35 വരെ ശമ്പളം വെട്ടിച്ചുരുക്കും. ഒരു വര്‍ഷത്തേക്കാണ് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മാനേജ്‌മെന്റ് നടപടിക്കെതിരെ ജീവനക്കാരുടെ ഇടയില്‍ നിന്ന് ഇതിനോടകം വ്യാപക പ്രതിഷേധമാണ് ഉടലെടുത്തിരുക്കുന്നത്. റേറ്റിംഗിന്റെ പീക്ക് ടൈംമില്‍ നില്‍ക്കുമ്പോള്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുന്ന മാനേജ്‌മെന്റ് നടപടിക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കാനാണ് ജീവനക്കാരുടെ തീരുമാനം.
സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം വെട്ടിക്കുറക്കലിന് പിന്നിലെന്നാണ് സൂചന. കൊവിഡ് 19നെ തുടര്‍ന്ന് മറ്റു മാധ്യമ സ്ഥാപനങ്ങളിലെ സ്ഥിതിയും തിരിച്ചല്ല. എല്ലാ സ്ഥാപനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
ഈ അടുത്തിടെ ജയ്ഹിന്ദ് ടി.വി ജീവനക്കാരുടെ 30 ശതമാനം മുതല്‍ 50 ശതമാനം ശമ്പളം വെട്ടിക്കുറച്ചതായി ഉത്തരവ് ഇറക്കിയിരിന്നു. ചാനലിന്റെ ഉടമയായ ഭാരത് ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും കോണ്‍ഗ്രസ് നേതാവുമായ എം.എം.ഹസന്‍ ആണ് ഉത്തരവിറക്കിയത്.
10000 രൂപ വരെ ശമ്പളം വാങ്ങുന്നവര്‍ക്ക് 30 ശതമാനവും 15,000 രൂപ വരെയുള്ളവര്‍ക്ക് 35 ശതമാനവും 30,000 രൂപ വരെയുള്ളവര്‍ക്ക് 40 ശതമാനവും 30,000 രൂപയ്ക്ക് മേല്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് 50 ശതമാനവുമാണ് കുറവ് വരുത്തിയത്. 10,000 രൂപ ശമ്പളമുള്ളവര്‍ക്ക് ഇതേത്തുടര്‍ന്ന് 7000 രൂപ മാത്രമായിരിക്കും ലഭിക്കുക.
പ്രൊഫഷണല്‍ ഫീസ്, അവതാരകര്‍ക്കുള്ള പ്രതിഫലം തുടങ്ങിയവയും വെട്ടിക്കുറച്ചു. മാര്‍ക്കറ്റിംഗ് വിഭാഗത്തിലുള്ളവര്‍ക്കൊഴികെ യാത്രാച്ചെലവ് നല്‍കില്ല. ഡല്‍ഹി പോലെയുള്ള ബ്യൂറോകളില്‍ നല്‍കി വരുന്ന മെട്രോ അലവന്‍സിലും കുറവ് വരുത്തിയിട്ടുണ്ട്.
നിലവിലുള്ള സാഹചര്യം സാമ്പത്തികമേഖലയില്‍ വരുത്തിയ പ്രത്യാഘാതം മൂലം പരസ്യ വരുമാനത്തില്‍ ഉണ്ടായ കുറവ് കമ്പനിയെ സാരമായി ബാധിച്ചിരിക്കുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ചെലവു ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വന്നിരിക്കുകയാണെന്നുമാണ് മാനേജ്മെന്റ് വിശദീകരിക്കുന്നത്.