KeralaNews

പ്രസവ വേദനയിൽ നിലവിളിച്ച് യുവതി,വള്ളം തുഴഞ്ഞ് അക്കരയെത്തിച്ച് രക്ഷകയായി ആശാ വർക്കർ;കയ്യടി,ആദരവ്‌

ആലപ്പുഴ: പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പോകാൻ കഴിയാതെ നിലവിളിച്ച അതിഥിതൊഴിലാളിയായ യുവതിക്ക് തുണയായി ആശാവർക്കർ. വീയപുരം മൂന്നാം വാർഡിൽ കട്ടകുഴിപാടത്തിന്റേയും അച്ചൻകോവിലാറിന്‍റേയും ഓരത്തുള്ള ചിറയിൽ അഞ്ചുവർഷമായി താമസിക്കുന്ന മൈസൂർ സ്വദേശിയായ സരിത(25)യ്ക്കാണ് ആശാവർക്കർ ഓമന രക്ഷകയായത്. തിങ്കളാഴ്ച പാതിരാത്രിയോടെയാണ് സംഭവം. രാത്രി വൈകിയാണ് സരിതക്ക് പ്രസവവേദന അനുഭവപ്പെട്ടത്. 

ആശുപത്രിയിലെത്തിക്കാൻ മറ്റ് മഴിയൊന്നുമില്ലാഞ്ഞതോടെ  ആശാവർക്കർ ഓമ്മനയെ സരിതയുടെ ഭർത്താവ്  ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ഇതോടെ ഓമന ഉറങ്ങികിടന്ന തന്‍റെ ജ്യേഷ്ഠന്റെ മകൻ ബിജുവിനെ വിളിച്ചുണർത്തി സരിത താമസിക്കുന്നിടത്തെത്തി. യാതൊരു സുരക്ഷയും ഇല്ലാതിരുന്ന ഇവരുടെ താമസസ്ഥലം ചോർന്ന് ഒലിക്കുന്നുണ്ടായിരുന്നു. വേദനകൊണ്ട് പുളഞ്ഞ സരിതയെ ചെറു വള്ളത്തിൽ  കയറ്റി ഓമനയും ബിജുവും വള്ളം തുഴഞ്ഞ് മെയിൻ റോഡിൽ എത്തിച്ചു. ഉടൻതന്നെ ആംബുലൻസിൽ കയറ്റി ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിക്കുകയും പത്ത് മിനിറ്റുള്ളിൽ സരിത ഒരുപെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. 

മണിക്കുറുകളോളം സരിതയ്ക്കൊപ്പം ആശുപത്രിയിൽ കഴിഞ്ഞ ഓമന, പുലർച്ചെ ആംബുലൻസിൽ തന്നെ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് വീട്ടുകാരും ഇക്കാര്യം അറിയുന്നത്. സരിത ഗർഭിണിയായി മൂന്നാം മാസം മുതൽ ഹരിപ്പാട് താലൂക്കാശുപത്രിയിൽ ചെക്കപ്പ് നടത്തുന്നതിന് കൂടെപോയിരുന്നത് ഓമനയായിരുന്നു. സരിതയെ ചികിത്സിച്ചിരുന്ന താലൂക്കാശുപത്രിയിലെ ഡോക്ടർ അവധിയായതിനാൽ ഇവരെ നേരിട്ട് മെഡിക്കല്‍ കോളജിൽ എത്തിക്കുകയായിരുന്നുവെന്ന് ഓമന പറഞ്ഞു. 

അതിഥി തൊഴിലാളിയായ സരിതയുടെ മൂന്നാമത്തെ പ്രസവമാണിത്. അച്ചൻകോവിലാറിന്‍റെ ഓരത്തുള്ള ചിറയിൽ  മൂന്ന് കുടുംബങ്ങളിലായി പതിനഞ്ച് പേരാണ് താമസിക്കുന്നത്. ഗർഭിണിയായ സരിതയ്ക്ക് തുണയായെത്തിയ ഓമനെയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജസുരേന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി ഓമന, വാർഡ് അംഗം രഞ്ജിനി ചന്ദ്രൻ എന്നിവർ  അഭിനന്ദിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. രാഖി, ഡോ. ധന്യ, ഡോ. അരുൺ എന്നിവരുടെ നേതൃത്വത്തിൽ ഓമനയെ ആദരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button