KeralaNews

സണ്ണി ലിയോണിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണം വൈകുന്നതായി പരാതിക്കാരന്‍

കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം വൈകുന്നതായി പരാതിക്കാരന്‍ ഷിയാസ് പെരുമ്പാവൂര്‍. സംഭവം നടന്ന് 2 വര്‍ഷം പിന്നിട്ടിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും പോലീസിന് കഴിഞ്ഞില്ലെന്നും പരാതിക്കാരന്‍ പറയുന്നു. ലക്ഷങ്ങള്‍ വായ്പയെടുത്ത് ഒരുക്കിയ പരിപാടി മുടങ്ങിയതിനാല്‍ ഷിയാസിന്റെ വീടും ജപ്തി ഭീഷണിയിലാണ്.

2018 മെയ് 26 ന് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സണ്ണി ലിയോണ്‍ അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്ന ഡാന്‍സ് ഫിനാലെ പരിപാടിക്കാണ് ഷിയാസ് പെരുമ്പാവൂരിന്റെ നേതൃത്വത്തിലുള്ള ഇവന്റ് ഗ്രൂപ്പ് പദ്ധതിയിട്ടത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് സണ്ണി ലിയോണിന്റെ കൂടി സമ്മതത്തോടെ പരിപാടി ഉപേക്ഷിച്ചു. പ്രളയമടക്കമുള്ള പ്രതീകൂല സാഹചര്യം മൂലം ആവര്‍ഷം പരിപാടി നടത്താനുമായില്ല.

ഇതിന് ശേഷമാണ് 2019 ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ഡേ ദിനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ ഇവന്റ് നടത്താന്‍ തീരുമാനിച്ചത്. ഇതിനായി കൊച്ചിയില്‍ എത്താമെന്നും സണ്ണി ലിയോണ്‍ സമ്മതം അറിയിച്ചു. എന്നാല്‍ ഫെബ്രുവരി 13 ന് രാത്രി 10 മണിക്ക് ശേഷമാണ് പരിപാടിക്ക് എത്തില്ലെന്ന് കാണിച്ച് ഷിയാസിന് സണ്ണി ലിയോണിന്റെ മാനേജര്‍ സന്ദേശമയച്ചത്. ഇതോടെ കോടികള്‍ മുടക്കി പദ്ധതിയിട്ട പരിപാടി മുടങ്ങി.

ലക്ഷങ്ങള്‍ വായ്പ എടുത്ത് ഒരുക്കിയ പരിപാടി നടക്കാതെ വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വീട് ജപ്തി ഭീഷണിയിലാണെന്നും ഷിയാസ് പറയുന്നു. സണ്ണി ലിയോണിന് നല്‍കിയ 25 ലക്ഷം രൂപയും പരിപാടിക്കായി മുടക്കിയ തുകയും ഉള്‍പ്പെടെ ഒന്നരക്കോടിയിലേറെ രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. നിലവില്‍ ക്രൈം ബ്രാഞ്ചാണ് സണ്ണി ലിയോണിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button