അഞ്ചര മണിക്കുള്ളില്‍ റിലീസ് ഓര്‍ഡർ എത്തിക്കാനായില്ല; ആര്യന്‍ ഇന്നും ജയിലില്‍ തുടരും

മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ജാമ്യം ലഭിച്ച ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഇന്നു ജയിൽ മോചിതനാകില്ല. വൈകീട്ട് അഞ്ചരക്കുള്ളിൽ ജാമ്യനടപടികൾ പൂർത്തിയാക്കാൻ ആര്യന്റെ അഭിഭാഷകർക്ക് സാധിക്കാത്തതാണ് മോചനം നീളാൻ കാരണം. ശനിയാഴ്ച രാവിലെ ആര്യൻ ജയിൽ മോചിതനാകുമെന്ന് ആർതർ റോഡ് ജയിൽ അധികൃതർ അറിയിച്ചു.

ജയിൽ ചട്ടപ്രകാരം റിലീസ് ഉത്തരവ് വൈകീട്ട് അഞ്ചരക്കുള്ളിൽ ജയിലിന് പുറത്തെ ബെയിൽ ബോക്സിൽ ലഭിച്ചാൽ മാത്രമേ ജാമ്യം ലഭിച്ചവർക്ക് അന്നുതന്നെ പുറത്തിറങ്ങാൻ സാധിക്കു. ഇതിനായി ആര്യന്റെ അഭിഭാഷകർ തീവ്രശ്രമം നടത്തിയെങ്കിലും സമയപരിധി കഴിഞ്ഞതിനാലാണ് ജയിൽ മോചനം നീണ്ടത്. ഇതോടെ ഒരുരാത്രികൂടി ആര്യൻ ജയിലിനുള്ളിൽ തന്നെ കഴിയും. ആര്യനൊപ്പം അറസ്റ്റിലായ അർബാസ് മർച്ചന്റ്, മുൻമുൺ ധമേച്ച എന്നിവരും ശനിയാഴ്ച ജയിൽ മോചിതരാകും.

വ്യാഴാഴ്ചയാണ് ആര്യന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബോംബെ ഹൈക്കോടതിയിൽ നിന്ന് ജാമ്യ ഉത്തരവിന്റെ പകർപ്പ് ആര്യന്റെ അഭിഭാഷകർക്ക് ലഭിച്ചത്. ഇത് പ്രത്യേക ആന്റി-നാർക്കോട്ടിക് കോടതിയിൽ സമർപ്പിച്ച ശേഷം ലഭിക്കുന്ന റിലീസ് ഓർഡറാണ് ആർതർ റോഡ് ജയിലിൽ നൽകേണ്ടിയിരുന്നത്. ഇത് എത്തിക്കാൻ വൈകിയതു മൂലമാണ് ആര്യൻറെ മോചനം ഇന്നും ഉണ്ടാവാതിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News