സരിതയുടെ തിരുനെല്‍വേലിയിലെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്; തൊഴില്‍ തട്ടിപ്പില്‍ പല രാഷ്ട്രീയക്കാര്‍ക്കും ബന്ധമുണ്ടെന്ന് പരാതിക്കാരന്‍

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ക്കെതിരെ ഗുരതര ആരോപണങ്ങളുമായി പരാതിക്കാരന്‍ അരുണ്‍ രംഗത്ത്. സരിതയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് അരുണ്‍ പറഞ്ഞു. സരിതയുടെ തിരുനെല്‍വേലിയിലെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. പരാതി നല്‍കിയതിന്റെ പേരില്‍ വിവിധയിടങ്ങളില്‍ നിന്ന് ഭീഷണി നേരിട്ടെന്നും അരുണ്‍ പറഞ്ഞു.

തൊഴില്‍ തട്ടിപ്പില്‍ പല രാഷ്ട്രീയക്കാര്‍ക്കും ബന്ധമുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദമുണ്ടെന്നാണ് മനസിലാക്കുന്നത്. പല പ്രാദേശിക നേതാക്കളും നേരിട്ടു വന്നുകണ്ടു. ഉപദേശത്തിന്റെ സ്വരത്തിലാണ് അവര്‍ സംസാരിച്ചത്. വലിയ രീതിയിലുള്ള ഭീഷണിയുണ്ട്. ജോലി ചെയ്യുന്ന സ്ഥലത്തും ഫോണിലൂടെയും ഭീഷണി ഉണ്ടെന്നും അരുണ്‍ പറഞ്ഞു.

പുറത്തുവിട്ടിരിക്കുന്ന ശബ്ദരേഖ സരിതയുടേത് തന്നെയാണ്. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാവുന്നതാണ്. ഫോറന്‍സിക് പരിശോധന വേണം എന്നുതന്നെയാണ് അഭിപ്രായം. പരാതി നല്‍കിയതിന് ശേഷം സരിത ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ സരിത എസ് നായര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ അരുണ്‍ പുറത്തുവിട്ടു. സരിതയുമായുള്ള വാട്സ്ആപ്പ് ചാറ്റാണ് പുറത്തുവിട്ടത്. ഇടപാടിനായി സരിത എസ് നായര്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയത് ചാറ്റിലുണ്ട്. അതേസമയം, ശബ്ദരേഖ തന്റേതല്ലെന്ന് വ്യക്തമാക്കി സരിത എസ് നായരും രംഗത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News