ആലുവ: അതിഥിത്തൊഴിലാളികളെയും നാട്ടുകാരെയും ചികിത്സിച്ചിരുന്ന എടത്തലയിലെ വ്യാജ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരെയടക്കം ഇവര്‍ ചികിത്സിച്ചിരുന്നു. ഇവരുടെ ക്ലിനിക്കില്‍ ചികിത്സ തേടിയവരോടും നഴ്‌സുമാരോടും സ്വയം നിരീക്ഷണത്തില്‍ കഴിയുകയോ ആന്റിജന്‍ ടെസ്റ്റ് നടത്തുകയോ ചെയ്യണമെന്ന് നിര്‍ദേശിച്ചതായി എടത്തല സിഐ പി.ജെ. നോബിള്‍ പറഞ്ഞു.
ആലുവ എടത്തല കോമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന മരിയ ക്ലിനിക്കില്‍ രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ ഡോക്ടര്‍ റാന്നി വടാശേരി ചെറുപുളഞ്ഞി ശ്രീഭവനില്‍ സംഗീത ബാലകൃഷ്ണന്‍ (45) ആണ് പിടിയിലായത്. രണ്ടു മാസമായി ഇവര്‍ ഇവിടെ ചികിത്സ നടത്തി വരികയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.
പോലീസ് പരിശോധനയ്‌ക്കെത്തുമ്പോള്‍ സംഗീത രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തെളിഞ്ഞത്. ഫാര്‍മസി ഡിപ്ലോമ കോഴ്‌സ് പഠിച്ചതിന്റെ അറിവിലായിരുന്നു ചികിത്സ.
റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അലോപ്പതി ചികിത്സ നടത്തിയിരുന്ന മാറ്റൊരു വ്യാജ ഡോക്ടറെ മഞ്ഞപ്രയില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു. കൊട്ടാരക്കര സ്വദേശി അജയ് രാജ് എന്നയാളാണ് പിടിയിലായത്. കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്തു വ്യാജ ഡോകടര്‍മാരെ നിയമിച്ച് തട്ടിപ്പിന് നേതൃത്വം നല്‍കുന്ന അങ്കമാലി സ്വദേശിക്കായുള്ള അന്വേഷണത്തിലാണ് പോലീസ്.