തിരുവനന്തപുരം: ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എം പിയുമായ എ എ റഹീമിന് അറസ്റ്റ് വാറന്റ്. എസ് എഫ് ഐ നടത്തിയ സമരത്തിനിടെ അന്യായ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് ആരോപിച്ച്, കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്മി നല്‍കിയ ഹര്‍ജിയില്‍ ആണ് നടപടി.
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എ എ റഹിമിനു അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. എ എ റഹിമിന് കോടതിയില്‍ ഹാജരാകാം എന്ന ഉറപ്പിന്‍ മേല്‍ സ്റ്റേഷനില്‍ നിന്ന് ജാമ്യം അനുവദിക്കാം എന്ന വ്യവസ്ഥയോടെ ആണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
നേരിട്ട് ഹാജരാകണം എന്ന നിര്‍ദേശമുണ്ടായിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. എ എ റഹിമുള്‍പ്പെടെ 12 പേരാണ് കേസിലെ പ്രതികള്‍. നേരത്തേ, കേസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി വിജയലക്ഷ്മിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോടതി തള്ളിയിരുന്നു.
യുവജനോത്സവ ഫണ്ട് കൈമാറിയില്ല എന്ന് ആരോപിച്ച് ആണ് കേരള സര്‍വകലാശാല ഉദ്യോഗസ്ഥയായ ടി വിജയലക്ഷ്മിയെ തടഞ്ഞു വെച്ചത്. 2017 മാര്‍ച്ച് 30 നാണ് സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടറായിരുന്ന വിജയലക്ഷിയെ എസ് എഫ് ഐ നേതാക്കളുടെ നേതൃത്വത്തില്‍ തടഞ്ഞ് ആക്രമിച്ചത്.
യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അഷിത, യൂണിയന്‍ സെക്രട്ടറി അമല്‍, എസ് എഫ് ഐ ജില്ലാ സെക്രട്ടറി പ്രതിന്‍സാജ് കൃഷ്ണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പേന കൊണ്ട് തന്നെ കുത്തി പരിക്കേല്‍പ്പിക്കുകയും തലമുടി പിടിച്ച് വലിക്കുകയും ചെയ്തു എന്ന് വിജയലക്ഷ്മി പരാജയപ്പെട്ടിരുന്നു. ഡി ജി പിക്ക് വിജയലക്ഷ്മി നല്‍കിയ പരാതിയില്‍ ആണ് കേസെടുത്തത്.
കേസ് തുടര്‍ന്ന് നടത്താന്‍ താത്പര്യമില്ല എന്നും പൊതുജനതാത്പര്യാര്‍ത്ഥം പിന്‍വലിക്കാന്‍ അനുവദിക്കണം എന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നടപടികളുമായി മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും പ്രതികള്‍ വിചാരണ ചെയ്യപ്പെടണമെന്നും വിജയലക്ഷ്മി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സര്‍ക്കാരിന് വേണ്ടി ഉമ നൗഷാദ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്.