മുംബൈ: പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും റിപ്പബ്ലിക് ടിവിയുടെ എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ മുംബൈയില്‍ വധശ്രമം. രാത്രി 10 മണിക്ക് നടന്ന പതിവ് ചാനല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അര്‍നബ് ഗോസ്വാമിയും ഭാര്യയും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്ത് മോട്ടോര്‍ ബൈക്ക് ഓടിച്ച രണ്ട് പേര്‍ കാറിനെ ആക്രമിച്ചു.ആക്രമണകാരികള്‍ അര്‍ണാബ് ഗോസ്വാമിയുടെ കാറിന് മുന്നില്‍ ബൈക്ക് ഇടിച്ചു നിര്‍ത്തി.
ഇതോടെ ബൈക്കിനെ ഇടിക്കുമെന്ന ചിന്തയില്‍ അര്‍ണാബ് കാര്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചാടിയിറങ്ങി ആക്രമിക്കുകയും ചെയ്തു. കാറിന്റെ ചില്ലുകള്‍ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുകയും കാറിനു നേരെ ആക്രമണം ആരംഭിക്കുകയും ചെയ്തു. പിന്നീട് അക്രമികള്‍ കാറിന് മുകളില്‍ കറുത്ത മഷി എറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു.
മുംബൈയിലെ എന്‍എം ജോഷി മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു സംഘം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി . രണ്ട് പ്രതികളെ പോലീസ് പിടികൂടിയതായി ആണ് സൂചന.കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പങ്കാണ് ഇതില്‍ എന്ന് അര്‍ണാബ് ആരോപിച്ചു.
തനിക്കും കുടുംബത്തിനും നേരെയുള്ള ഏത് ആക്രമണത്തിനും സോണിയ ഗാന്ധിയെ വ്യക്തിപരമായി ഉത്തരവാദിയാക്കി പരാതി നല്‍കുമെന്ന് അര്‍ണാബ് പറഞ്ഞു. പരാതി നല്‍കാന്‍ ഞാന്‍ വ്യക്തിപരമായി എന്‍എം ജോഷി പോലീസ് സ്റ്റേഷനില്‍ പോകും, എന്റെ പരാതിയില്‍ നടപടിയുണ്ടാകും ”ട്വിറ്ററില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അര്‍നബ് പറഞ്ഞു.