കോവിഡ്: പാലാ സ്വദേശിനിയെ കോട്ടയത്തേക്കു മാറ്റും,ഇടുക്കിയില്‍ സമ്പര്‍ക്കമില്ലെന്ന് കളക്ടര്‍

ഇടുക്കി: ഓസ്ട്രേലിയയില്‍ നിന്ന് ഡല്‍ഹിയിലെത്തി അവിടെ നിന്ന് റോഡ് മാര്‍ഗം ഇടുക്കി അതിര്‍ത്തിയിലെത്തിയ പാലാ സ്വദേശികളായ ദമ്പതികളില്‍ ഭാര്യ(65)ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാര്‍ച്ച് 20 നാണ് ഇവര്‍ മെല്‍ബണില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. തുടര്‍ന്ന് അവിടെ 14 ദിവസം നിരീക്ഷണത്തിനു ശേഷം ഇരുവരും ഒരു ടാക്സികാറില്‍ മഹാരാഷ്ട്രയിലൂടെ 3500 കിലോമീറ്ററിലേറെ യാത്ര ചെയ്ത് ഏപ്രില്‍ 16ന് ഇടുക്കി കമ്പംമെട്ട് ചെക്ക് പോസ്റ്റിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ കമ്പംമെട്ട് കോവിഡ് സെന്ററില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു.

സ്രവ പരിശോധനയിലാണ് ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഭര്‍ത്താവിന് ഫലം നെഗറ്റീവ് ആണ്. ഭാര്യയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ഉടന്‍ മാറ്റുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ ഇവര്‍ മറ്റാരുമായി ബന്ധപ്പെട്ടിട്ടില്ല. ഇവര്‍ വന്ന കാറിന്റെ ഡല്‍ഹി സ്വദേശിയായ ഡ്രൈവറുടെ വിവരം അവിടത്തെ അധികൃതര്‍ക്കു കൈമാറിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News