KeralaNews

അര്‍ജുൻ രക്ഷാദൗത്യം:സിദ്ധരാമയ്യ ഇന്ന് ഷിരൂരിൽ,തെരച്ചിലിന് ഐഎസ്ആര്‍ഒയുടെ സഹായം തേടി

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ സൈന്യമിറങ്ങും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. ബെലഗാവി ക്യാമ്പിൽ നിന്നുളള 40 പേരടങ്ങുന്ന സൈനിക സംഘമായിരിക്കും  ഇന്ന് ഷിരൂരിലെത്തുക. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കും. അതേസമയം, തെരച്ചലിന് ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്.

മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതി‌ഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചിലും അല്‍പ്പസമയത്തിനകം ആരംഭിക്കും. അര്‍ജുന്‍റെ കുടുംബത്തിന്‍റെ ആവശ്യപ്രകാരം വിഷയത്തില്‍ ഇടപെട്ട എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. ഇന്ന് ഉച്ചയോടെയായിരിക്കും സിദ്ധരാമയ്യ ഷിരൂരിലെത്തുക.

രക്ഷാ പ്രവർത്തനത്തിന് സൈന്യത്തിന്റെ സാന്നിധ്യം ഉടൻ ഉറപ്പാക്കണമെന്ന് അർജുന്റെ കുടുംബം ആവ‍ര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. വാർത്ത കണ്ടും അല്ലാതെയും ആർമി ഉദ്യോഗസ്ഥർ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്നുമാണ് കുടുംബം പ്രതികരിച്ചിരുന്നത്. ഇതിനിടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കാൻ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായത്. 

അർജുന് വേണ്ടിയുളള തെരച്ചിൽ മോശം കാലാവസ്ഥയെ തുട‍ര്‍ന്ന് ഇന്നലെ വൈകിട്ടോടെ നിർത്തിവെക്കുകയായിരുന്നു. ഇന്ന് രാവിലെ 6.30 ന് പുനഃരാരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കനത്ത മഴയെ തുടര്‍ന്ന് ഇന്ന് രാവിലെയുള്ള രക്ഷാപ്രവര്‍ത്തനം വൈകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ ഷിരൂരില്‍ കനത്ത മഴ പെയ്തതോടെയാണ് രക്ഷാപ്രവര്‍ത്തനം വൈകാൻ കാരണമായത്.

മണ്ണിടിഞ്ഞുവീണ റോഡിന്റെ നടുഭാഗത്ത് നിന്ന് വൈകിട്ടോടെ ഒരു സിഗ്നൽ ലഭിച്ചിരുന്നു. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്നലാണ് കിട്ടിയിരുന്നത്. സിഗ്നൽ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ലെങ്കിലും 70% യന്ത്രഭാഗങ്ങൾ തന്നെ ആയിരിക്കാമെന്ന വിലയിരുത്തലിലാണ് പരിശോധന നടത്തുന്ന റഡാർ സംഘം. ഇന്നലെ സി​ഗ്നൽ ലഭിച്ച ഭാഗം മാർക്ക് ചെയ്ത് കൂടുതൽ മണ്ണ് എടുത്ത് പരിശോധന നടത്തുന്നതിനിടെയാണ് മഴ ശക്തമായത്. ഇതോടെ മണ്ണ് വീണ്ടും ഇടിഞ്ഞേക്കുമെന്ന സംശയത്തിൽ രക്ഷാപ്രവ‍ര്‍ത്തനം നിര്‍ത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker