ഇടുക്കി: ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനുമായി അതിസാഹസികമായ യാത്ര ആരംഭിച്ചു. കുമളി പെരിയാറിലെ സീനിയറോട വനമേഖലയിലേക്കാണ് അരിക്കൊമ്പനെ കൊണ്ടുപോകുന്നത്. 122 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.
ആനിമൽ ആംബുലൻസിൽ വച്ച് യാത്രക്കിടെയും അരിക്കൊമ്പൻ പരാക്രമം തുടർന്നു. സാധാരണയായി ഉള്ളതിൽ നിന്ന് വ്യത്യസ്തമായി ഇരട്ട കൂടാണ് ആനിമൽ ആംബുലൻസിൽ ഒരുക്കിയത്.
ഉള്ളിൽ മറ്റൊരു കൂട് കൂടി ഒരുക്കിയാണ് മെരുക്കിയിട്ടും മെരുങ്ങാൻ കൂട്ടാക്കാതെ പ്രതിരോധിച്ചുകൊണ്ടിരുന്ന അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോകുന്നത്. ആനിമൽ ആംബുലൻസിന് മുന്നിലും പിന്നിലുമായി നിരവധി വാഹനങ്ങളുള്ള വലിയൊരു കോൺവോയ് ആണ് ആനയുമായി കുമളിയിലേക്ക് പോകുന്നത്.
രാത്രി ഒമ്പത് മണിയോടെ മാത്രമായിരിക്കും വാഹനം കുമളിയിലെത്തുക. അരിക്കൊമ്പനെ കുമളിയിലേക്ക് മാറ്റുമെന്ന തീരുമാനം പുറത്തുവിട്ടതോടെ കുമളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് വെറ്ററിനറി സംഘങ്ങളാണ് വാഹന വ്യൂഹത്തിനൊപ്പമുള്ളത്.