ഇടുക്കി : അരിക്കൊമ്പൻ ഇന്നും ജനവാസ മേഖലയ്ക്ക് സമീപം എത്തി. സിങ്കു കണ്ടം സിമൻറ് പാലത്തിനടുത്ത് യൂക്കാലി മരങ്ങൾക്കിടയിലാണ് അരിക്കൊമ്പനും അഞ്ച് ആനകളും സംഘമായി എത്തിയത്. കുങ്കിയാനകളെ പാർപ്പിച്ചതിന് 500 മീറ്റർ അകലെയാണ് ആനക്കൂട്ടം ഇപ്പോഴുള്ളത്. ഒരു മണിക്കൂറിൽ അധികമായി ഇവിടെ നിലയുറപ്പിച്ചിരിക്കുകയാണ്. വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
ആളുകൾ താമസിക്കുന്നിടത്തേക്ക് ആന വരാതിരിക്കാൻ നീക്കം തുടരുകയാണ്. വാച്ചർമാർ ഇതിനായുള്ള ശ്രമം നടത്തുകയാണ്. കൃഷിയിടത്തിനടത്തുള്ള വനത്തിനകത്ത് തന്നെയാണ് ഉള്ളത്. ആനയെ മയക്കുവെടി വച്ച് പിടികൂടി കോടനാട്ടിലേക്ക് എത്തിക്കുന്നതിനായി പദ്ധതിയിട്ടിരുന്ന സ്ഥലത്താണ് ഇപ്പോൾ ആനയുള്ളത്.
ആന ഇപ്പോഴുള്ള തൊട്ടടുത്ത് സിമന്റ് പാലത്ത് സമരം നടത്തുകയാണ്. ഇവിടെ റോഡ് ഉപരോധിച്ചാണ് പ്രദേശവാസികൾ സമരം നടത്തുന്നത്. ആന ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയാൻ രാവും പകലുമുള്ള വൻ പ്രക്ഷോഭം നടത്തുമെന്നാണ് ഇവർ പറയുന്നത്. ആനയെ തൽക്കാലം പിടികൂടണ്ട എന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് ഇന്നലെ സമരം ആരംഭിച്ചത്.