വിമാനയാത്രാ നിരക്ക് വർധന;കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം : വിമാനയാത്രാ നിരക്ക് വർധനയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. നിയന്ത്രിത നിരക്ക് വർധന പ്രവാസികളെ വലയ്ക്കുന്നുവെന്നും സാധാരണക്കാർക്ക് വലിയ തിരിച്ചടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എയർലൈൻ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കീടാക്കുന്ന വിമാന ടിക്കറ്റ് നിരക്കില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നിരട്ടിയിലധികം വര്‍ധനയാണുണ്ടായിരിക്കുന്നത്. ഫെസ്റ്റിവൽ സീസണുകള്‍, സ്കൂൾ അവധികൾ തുടങ്ങിയ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് സാധാരണ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കുന്ന ചെറിയ സമ്പാദ്യം വിമാന ടിക്കറ്റിനായി നല്‍കേണ്ട അവസ്ഥയാണ് പ്രവാസി തൊഴിലാകള്‍ക്കുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ നിരക്കുകള്‍ പുനഃപരിശോധിക്കണമെന്ന കേരള സര്‍ക്കാരിന്‍റെയും കുടിയേറ്റ സംഘടനകളുടെയും അഭ്യർത്ഥനകളോട് എയർലൈൻ ഓപ്പറേറ്റർമാർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്‍റെ അനുമതി നേടിയാൽ മാത്രമേ, വിദേശ, ഇന്ത്യൻ എയർക്രാഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് അഡീഷണല്‍, ചാർട്ടർ വിമാനങ്ങൾ ഏര്‍പ്പെടുത്താന്‍ കഴിയൂ. ഗൾഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും ന്യായമായ വിമാന നിരക്കിൽ അധിക, ചാർട്ടേഡ് ഫ്ലൈറ്റുകൾ സർവീസ് നടത്താൻ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
2023 ഏപ്രിൽ രണ്ടാം വാരം മുതൽ കേരള സർക്കാർ ബുക്ക് ചെയ്യുന്ന അഡീഷണല്‍, ചാർട്ടർ ഫ്ലൈറ്റ് ഓപ്പറേഷനുകൾക്ക് ആവശ്യമായ അനുമതികൾ വേഗത്തിൽ നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകാനും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.