കൊച്ചി: ഇടുക്കിയിലെ ചിന്നക്കനാലിൽനിന്ന് ദൗത്യ സംഘം പിടികൂടി പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന്റെ ഒരു കണ്ണിന് കാഴ്ചക്കുറവെന്ന് വനംവകുപ്പ് സി.സി.എഫിന്റെ റിപ്പോർട്ട്. ആനയുടെ വലതുകണ്ണിനാണ് കാഴ്ചക്കുറവുള്ളതെന്ന് വനംവകുപ്പിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ആനയെ മയക്കുവെടിവെച്ച് പിടികൂടിയ ശേഷം അതിന്റെ ആരോഗ്യനില വനംവകുപ്പിന്റെ വെറ്റിറനറി വിഭാഗം വിശദമായി പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് കാഴ്ചക്കുറവുള്ള കാര്യം വ്യക്തമായത്. എന്നാൽ ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
മുപ്പത്തഞ്ചു വയസ്സുള്ള അരിക്കൊമ്പന്റെ ശരീരത്തിലെ മുറിവുകളേക്കുറിച്ച് വിശദമായ പരിശോധന നടത്തുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. പിടികൂടുന്ന സമയത്ത് അരിക്കൊമ്പന്റെ തുമ്പിക്കൈയിലും ശരീരത്തിലും പരിക്കുണ്ടായിരുന്നു. ഇത് രണ്ടുദിവസം പഴക്കമുള്ള പരിക്കാണെന്നാണ് വനംവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്.
ചക്കക്കൊമ്പനുമായി അരിക്കൊമ്പൻ സംഘർഷത്തിൽ ഏർപ്പെട്ടിരുന്നെന്നും അപ്പോഴുണ്ടായ പരിക്കാണ് തുമ്പിക്കയ്യിൽ ഉൾപ്പെടെ ഉള്ളതെന്നുമാണ് കരുതുന്നത്. മുറിവുകളിൽ മരുന്നുവച്ചാണ് പെരിയാർ ടൈഗർ റിസർവിൽ തുറന്നുവിട്ടത്. അരിക്കൊമ്പൻ നിലവിൽ മാവടി-മുല്ലക്കൊടി പ്രദേശത്താണ് ഉള്ളതെന്നാണ് വിവരം.
വനത്തിനുള്ളിൽ തമിഴ്‌നാട് അതിർത്തിയിലേക്കു പ്രവേശിച്ച അരിക്കൊമ്പൻ പിന്നീട് കേരള അതിർത്തിയിലേക്കു തന്നെ മടങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ അരിക്കൊമ്പൻ അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നതായാണ് വിവരം. അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ഇന്നലെ പുലർച്ചെ മുതൽ ലഭിച്ചിരുന്നില്ലെങ്കിലും, ഇപ്പോൾ സിഗ്‌നലുകൾ ലഭിക്കുന്നുണ്ട്.
അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽ നിന്നു സിഗ്‌നൽ കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാൽ ഇന്നലെ പുലർച്ചെ നാലിനു ശേഷമാണ് സിഗ്‌നൽ നഷ്ടപ്പെട്ടത്. വനംവകുപ്പ് വാച്ചർമാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പൻ എവിടെയെന്ന് അവർക്കും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ പുലർച്ചെ ലഭിച്ച സിഗ്‌നൽ പ്രകാരം തമിഴ്‌നാട് വനമേഖലയ്ക്ക് അഞ്ച് കിലോമീറ്റർ സമീപത്ത് അരിക്കൊമ്പൻ എത്തിയിരുന്നു.
അതേ സമയം നൂറിലധികം കിലോമീറ്റർ താണ്ടി ആനകൾ മടങ്ങിവന്ന ചരിത്രമുണ്ടെന്ന്, അരിക്കൊമ്പൻ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ വിശദീകരിച്ചു. അരിക്കൊമ്പൻ മടങ്ങിവരുമോ എന്നത് പുതിയ സാഹചര്യവുമായി ഇണങ്ങുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അരിക്കൊമ്പൻ ഇപ്പോഴുള്ളത് വെള്ളവും ഭക്ഷണവും ധാരാളമുള്ള പരിസ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു.
”ആനകൾ അവരുടെ പഴയ സ്ഥലത്തേക്ക് തിരിച്ചെത്തിയ സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്. അരിക്കൊമ്പന്റെ കാര്യത്തിലും നമുക്ക് ഉറപ്പു പറയാനാകില്ല. പുതിയ സാഹചര്യവുമായി ആന എങ്ങനെ ഇണങ്ങുന്നു എന്നതാണ് പ്രധാനം. ആനയ്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഉള്ളിടത്താണ് അരിക്കൊമ്പനെ വിട്ടിരിക്കുന്നത്. അതെല്ലാം ധാരാളമായിത്തന്നെ അവിടെ ഉണ്ട്. മറ്റ് ആനകളും അവിടെ ഒരുപാടുണ്ട്. ഈ സാഹചര്യവുമായി അരിക്കൊമ്പൻ എങ്ങനെ ഇണങ്ങിച്ചേരുമെന്ന് നമുക്ക് പറയാനാകില്ല. കർണാടകയിലൊക്കെ ചില കേസുകളിലൊക്കെ 100120 കിലോമീറ്ററൊക്കെ യാത്ര ചെയ്ത് ആനകൾ തിരികെ വന്നിട്ടുണ്ട്’ ഡോ. അരുൺ പറഞ്ഞു.
ചെറിയ പരുക്കുകൾ ഉണ്ടെങ്കിലും അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ”അരിക്കൊമ്പന്റെ തുമ്പിക്കൈയിൽ ഒരു മുറിവുണ്ട്. വലതു കണ്ണിന് ചെറിയൊരു പ്രശ്‌നമുണ്ട്. അതല്ലാതെ മറ്റ് ആനകളുമായുണ്ടായ സംഘർഷത്തിന്റെ ഫലമായി ഉണ്ടായ ചെറിയ മുറിവുകളുമുണ്ട്. ആ പരുക്കുകൾ മാറാനുള്ള മരുന്നെല്ലാം കൊടുത്താണ് കാട്ടിലേക്ക് തിരികെ വിട്ടത്’ ഡോ. അരുൺ വിശദീകരിച്ചു