അറ്റ്‌ലാന്റ: ലോകകപ്പ് സെമിഫൈനലില്‍ അര്‍ജന്റീനയോടേറ്റ നാടകീയ പരാജയത്തിന് പിന്നാലെ, കളിക്കളത്തിന് പുറത്ത് നിയമപരവും രാഷ്ട്രീയവുമായ പുതിയ പോരാട്ടത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഇംഗ്ലീഷ് കായികലോകം. മൈതാനത്തെ പോരാട്ടത്തില്‍ അവസാന നിമിഷങ്ങളില്‍ അര്‍ജന്റീനയോട് 2-1ന് മുട്ടുമടക്കേണ്ടി വന്ന ഇംഗ്ലണ്ട്, മത്സരശേഷം എതിരാളികള്‍ നടത്തിയ വിജയാഘോഷത്തെയാണ് ഇപ്പോള്‍ വലിയ ചോദ്യചിഹ്നമാക്കുന്നത്. സെമിയിലെ പരാജയം സൃഷ്ടിച്ച നിരാശയ്ക്ക് നടുവിലും, അര്‍ജന്റീന താരങ്ങളുടെ പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ ഫിഫയുടെ പടികയറാന്‍ ഒരുങ്ങുകയാണ് ഇംഗ്ലീഷ് മാധ്യമങ്ങളും ആരാധക കൂട്ടായ്മകളും.
മത്സരത്തില്‍ അന്തിമ വിസില്‍ മുഴങ്ങിയതിന് തൊട്ടുപിന്നാലെ അര്‍ജന്റീനിയന്‍ താരങ്ങള്‍ ഫോക്ക്ലാന്റ് ദ്വീപിന്മേലുള്ള പരമാധികാരം അവകാശപ്പെട്ടുകൊണ്ടുള്ള വിവാദ ബാനറുമായി കളത്തില്‍ വിജയാഘോഷം നടത്തിയത്. ഗാലറിയില്‍ നിന്ന് എറിഞ്ഞുകൊടുത്ത ബാനര്‍ ഉയര്‍ത്തിപ്പിടിച്ചാണ് അര്‍ജന്റീനയുടെ മുന്‍നിര താരങ്ങള്‍ ജയഭേരി മുഴക്കിയത്. കായിക മത്സരങ്ങളില്‍ രാഷ്ട്രീയ സന്ദേശങ്ങള്‍ ഉന്നയിക്കുന്നത് ഫിഫ കര്‍ശനമായി വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് അര്‍ജന്റീന താരങ്ങള്‍ ഇത്തരമൊരു നിലപാടെടുത്തത്.
ടോട്ടനം ഹോട്‌സ്പര്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യന്‍ റൊമേറോ, മുന്‍ സ്പര്‍സ് താരം ഹിയോവാനി ലോ സെല്‍സോ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ലിസാന്‍ഡ്രോ മാര്‍ട്ടിനസ് എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര കളിക്കാരാണ് ഈ വിവാദ ബാനറുമായി തങ്ങളുടെ വിജയാഘോഷം കൊഴുപ്പിച്ചത്. ടീം നായകന്‍ ലയണല്‍ മെസ്സിയും ഇതിനടുത്ത് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങള്‍ തന്നെ ബ്രിട്ടനെ നേരിട്ട് ലക്ഷ്യമിടുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്ക് കൂട്ടുനിന്നു എന്നത് ഇംഗ്ലീഷ് ആരാധകരില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്.
അര്‍ജന്റീനയില്‍ ‘ലാസ് മാല്‍വിനാസ്’ എന്നറിയപ്പെടുന്ന ഫോക്ക്ലാന്റ് ദ്വീപിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാലത്തെ രാഷ്ട്രീയ തര്‍ക്ക നിലനില്‍ക്കുന്നുണ്ട്. 1982-ല്‍ നടന്ന ചരിത്രപരമായ ഫോക്ക്ലാന്റ് യുദ്ധത്തില്‍ 255 ബ്രിട്ടീഷ് സൈനികരും 649 അര്‍ജന്റീനിയന്‍ സൈനികരുമാണ് കൊല്ലപ്പെട്ടത്. ചരിത്രപരമായും വൈകാരികമായും ഏറെ ഉരസലുകള്‍ ഉണ്ടാക്കുന്ന ഈ വിഷയം കളിക്കളത്തിലേക്ക് വലിച്ചിഴച്ചത് ഫിഫയുടെ കടുത്ത അച്ചടക്ക ലംഘന പരിധിയില്‍ വരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഈ ലോകകപ്പില്‍ രാഷ്ട്രീയ പ്രാധാന്യമുള്ള ബാനറുകളും പ്ലക്കാര്‍ഡുകളും സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് ഫിഫ നേരത്തെ തന്നെ വിലക്കിയിരുന്നു. ഇത്തരമൊരു വിലക്ക് നിലനില്‍ക്കെ, ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു ലോകകപ്പ് സെമിഫൈനല്‍ വേദിയില്‍ ഇംഗ്ലണ്ടിനെതിരെ തന്നെ ഇത് ആവര്‍ത്തിച്ചത് ഗൗരവമുള്ള വിഷയമാണെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ വാദിക്കുന്നു. നേരത്തെ 2014-ല്‍ സ്ലൊവേനിയക്കെതിരായ ഒരു സൗഹൃദ മത്സരത്തില്‍ സമാനമായ ബാനര്‍ ഉയര്‍ത്തിയതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് 20,000 പൗണ്ട് ഫിഫ പിഴ ചുമത്തിയിരുന്നു.
എന്നാല്‍, അന്നത്തേതിനേക്കാള്‍ വലിയ വേദിയായ ലോകകപ്പില്‍ ഇത് വീണ്ടും ആവര്‍ത്തിച്ചതിനാല്‍ കേവലം സാമ്പത്തിക പിഴയില്‍ ഒതുങ്ങുന്ന അച്ചടക്ക നടപടിയാകരുത് ഫിഫയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നാണ് ഇംഗ്ലീഷ് ആരാധകരുടെ ആവശ്യം. പെരുമാറ്റച്ചട്ട ലംഘനം നടത്തിയ താരങ്ങള്‍ക്ക് വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ വേണമെന്നാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ വൃത്തങ്ങളില്‍ നിന്നും ഉയരുന്ന പ്രധാന ശബ്ദം. വരാനിരിക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ റോമേറോയും ലിസാന്‍ഡ്രോ മാര്‍ട്ടിനസും കളിക്കുന്നത് തടയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
സോഷ്യല്‍ മീഡിയയിലും ഈ വിഷയം വലിയ രീതിയില്‍ കത്തിപ്പടരുകയാണ്. റോമേറോയെ ടോട്ടനത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നും ലിസാന്‍ഡ്രോ മാര്‍ട്ടിനസിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വില്‍ക്കണമെന്നുമുള്ള കടുത്ത ആവശ്യങ്ങള്‍ പോലും ബ്രിട്ടീഷ് ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. ഫിഫ എപ്പോഴും അര്‍ജന്റീനയ്ക്ക് അനുകൂലമായി നിലപാടുകള്‍ എടുക്കുന്നു എന്ന വിമര്‍ശനവും ഇതിനോടൊപ്പം ഉന്നയിക്കപ്പെടുന്നുണ്ട്.
മത്സരത്തിന് മുന്നോടിയായി അര്‍ജന്റീന ഉപരാഷ്ട്രപതി വിക്ടോറിയ വില്ലാറുവല്‍ നടത്തിയ രാഷ്ട്രീയ പ്രസ്താവനകളും കളിക്കളത്തിലെ ഈ സംഭവങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെ ‘അധിനിവേശ കടല്‍ക്കൊള്ളക്കാര്‍’ എന്ന് വിശേഷിപ്പിച്ച അവര്‍, മത്സരശേഷം ‘ഫോക്ക്ലാന്റ് അര്‍ജന്റീനയുടേതാണ്, അവര്‍ അത് സ്റ്റേഡിയത്തില്‍ തടഞ്ഞെങ്കിലും ഞങ്ങള്‍ അത് ഞങ്ങളുടെ രക്തത്തിലും ഹൃദയത്തിലും കൊണ്ടുനടക്കുന്നു’ എന്ന് സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയും ചെയ്തിരുന്നു.
മത്സരശേഷവും അറ്റ്‌ലാന്റയിലെ സ്റ്റേഡിയത്തിന് പുറത്ത് അര്‍ജന്റീന-ഇംഗ്ലണ്ട് ആരാധകര്‍ തമ്മില്‍ വലിയ തോതിലുള്ള വാക്കേറ്റവും തര്‍ക്കങ്ങളും നടന്നു. അര്‍ജന്റീന ആരാധകരുടെ പെരുമാറ്റം അതിരുകടന്നതായിരുന്നുവെന്നും, ഇംഗ്ലീഷ് ആരാധകരെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ആഘോഷങ്ങളാണ് അവര്‍ നടത്തിയതെന്നും പരാതികളുണ്ട്. പോലീസിന്റെ കൃത്യമായ ഇടപെടല്‍ കൊണ്ടാണ് വലിയ അക്രമ സംഭവങ്ങള്‍ ഒഴിവായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സെമിഫൈനലില്‍ ദാരുണമായി തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും, അര്‍ജന്റീന താരങ്ങളുടെ ഈ നിയമലംഘനത്തെ ഫിഫയ്ക്ക് മുന്നില്‍ പ്രധാന ആയുധമാക്കാനാണ് ഇംഗ്ലണ്ടിന്റെ തീരുമാനം. ഫിഫയുടെ അച്ചടക്ക സമിതി ഈ വിഷയത്തില്‍ അടിയന്തരമായി അന്വേഷണം പ്രഖ്യാപിച്ചാല്‍, അത് ഞായറാഴ്ച ന്യൂയോര്‍ക്കില്‍ സ്‌പെയിനിനെതിരെ ഫൈനലിന് ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് വലിയ തിരിച്ചടിയാകും. ബാനര്‍ ഉയര്‍ത്തിയ പ്രമുഖ താരങ്ങള്‍ക്ക് വിലക്ക് ലഭിച്ചാല്‍ അത് ലോകകപ്പ് നിലനിര്‍ത്താനുള്ള അര്‍ജന്റീനയുടെ സ്വപ്നങ്ങള്‍ക്കും വലിയ ആഘാതമേല്‍പ്പിക്കും.
English Summary
Following a historic semi-final victory, Argentina’s World Cup campaign faces a major crisis over the Falkland Islands banner controversy. The England Football Association is reportedly approaching FIFA to demand disciplinary action against Argentine players who displayed a political banner claiming ownership of the disputed islands after the match. Under FIFA’s strict rules prohibiting political statements during matches, the involved players could face suspensions, potentially ruling them out of the upcoming final. As football turns into a legal and diplomatic battlefield, Argentina faces intense pressure ahead of their ultimate clash.


