അറ്റ്‌ലാന്റ: തോൽവിയുടെ വക്കിൽ നിന്ന് ചാമ്പ്യൻമാർക്കൊത്ത തിരിച്ചുവരവുമായി മെസ്സിപ്പട. ഈജിപ്തിനെതിരേ രണ്ടു ഗോളിന് പിന്നിൽപോയ ശേഷം മൂന്ന് ഗോൾ തിരിച്ചടിച്ച് (3-2) അർജന്റീന ക്വാർട്ടറിലേക്ക്. 15-ാം മിനിറ്റിൽ യാസ്സെർ ഇബ്രാഹിമും 67-ാം മിനിറ്റിൽ മുസ്തഫ സിക്കോയും നേടിയ ഗോളുകൾ അർജന്റീനയുടെ ഹൃദയത്തിലാണ് തറച്ചത്. എന്നാൽ ക്രിസ്റ്റിയൻ റൊമേറോയും ലയണൽ മെസ്സിയും തിരിച്ചടിച്ച് ജീവൻ നൽകിയ മത്സരത്തിന് എൻസോ ഫെർണാണ്ടസ് ഇൻജുറി ടൈമിലെ ഹെഡറിലൂടെ വിജയസ്മിതം ചാർത്തി.
പതിഞ്ഞ താളത്തിൽ തുടങ്ങിയ മത്സരം 15-ാം മിനിറ്റിലെ ഈജിപ്തിന്റെ ഗോളോടെയാണ് ചൂടുപിടിക്കുന്നത്. ഡിഫൻഡർ യാസ്സർ ഇബ്രാഹിമിന്റെ ഹെഡർ അർജന്റീനയെ ഞെട്ടിച്ചു. ഒരു കോർണറിന് പിന്നാലെ മർവാൻ അതിയ ബോക്‌സിലേക്ക് നൽകിയ ക്രോസ് ഹെഡറിലൂടെ ഇബ്രാഹിം വലയിലെത്തിക്കുകയായിരുന്നു.
പിന്നാലെ ലയണൽ മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തുന്നതിനും സ്റ്റേഡിയം സാക്ഷിയായി. 21-ാം മിനിറ്റിലാണ് മെസ്സി കിക്ക് നഷ്ടപ്പെടുത്തിയത്. മെസ്സിയുടെ ഷോട്ട് ഈജിപ്ത് ഗോളി മുസ്തഫ ഷൊബെയ്ർ തട്ടിയകറ്റുകയായിരുന്നു. ഈ ലോകകപ്പിൽ മെസ്സി നഷ്ടപ്പെടുത്തിയ രണ്ടാമത്തെ പെനാൽറ്റിയായിരുന്നു ഇത്. 19-ാം മിനിറ്റിൽ ടാഗ്ലിഫിക്കോയെ ഈജിപ്ത് താരം ഹസ്സൻ ബോക്‌സിൽ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി.
ഗോൾ വീണതോടെ അർജന്റീന ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. ഇടതുവിങ്ങിൽ നിക്കോളാസ് ടാഗ്ലിയാഫിക്കോയുടെ മുന്നേറ്റങ്ങൾ തടയാൻ ഈജിപ്ത് പ്രതിരോധത്തിന് പ്രയാസപ്പെടേണ്ടി വന്നു. അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റിയും ഇത്തരത്തിൽ ടാഗ്ലിയാഫിക്കോയുടെ മുന്നേറ്റത്തിൽ നിന്നായിരുന്നു.
28-ാം മിനിറ്റിൽ വീണ്ടും ഷൊബെയ്ർ മികച്ചൊരു സേവ് നടത്തി. ഇത്തവണ റോഡ്രിഗോ ഡിപോൾ ബോക്‌സിലേക്ക് നൽകിയ പന്തിൽ നിന്നുള്ള മാക് അലിസ്റ്ററുടെ ഗോളെന്നുറച്ച ഹെഡറാണ് ഷൊബെയ്ർ അവിശ്വസനീയമായി രക്ഷിച്ചെടുത്തത്. 31-ാം മിനിറ്റിൽ മെസ്സിയുടെ ഫ്രീകിക്ക് പോസ്റ്റിലിടിച്ച് മടങ്ങി. പിന്നീട് 39-ാം മിനിറ്റിൽ ഹൂലിയൻ ആൽവരസിന്റെ ഗോളെന്നുറച്ച ഷോട്ടും മുസ്തഫ ഷൊബെയ്ർ രക്ഷപ്പെടുത്തി. ആദ്യ പകുതിയിൽ മെസ്സിയുടെ പെനാൽറ്റി അടക്കം അർജന്റീനയുടെ ഗോളെന്നുറച്ച മൂന്ന് അവസരങ്ങളാണ് മുസ്തഫ ഷൊബെയ്ർ തടഞ്ഞത്.
രണ്ടാം പകുതിയിൽ പ്രതിരോധം ശക്തിപ്പെടുത്തിയാണ് ഈജിപ്ത് ഇറങ്ങിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോളിനായി ശ്രമം തുടർന്ന അർജന്റീനയെ പിടിച്ചുകെട്ടാൻ അവർക്കായി. ഫൈനൽ തേർഡിലേക്ക് കടക്കാതെ അർജന്റീന ആക്രമണങ്ങളെ ഈജിപ്ത് പ്രതിരോധിക്കുന്നത് രണ്ടാം പകുതിയുടെ തുടക്ക മിനിറ്റുകളിൽ കാണാമായിരുന്നു.
58-ാം മിനിറ്റിൽ അർജന്റീനയെ ഞെട്ടിച്ച് ഈജിപ്ത് രണ്ടാം ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ ഫൗൾ കണ്ടെത്തിയതിനെ തുടർന്ന് ഈജിപ്തിന് ഈ ഗോൾ നിഷേധിക്കപ്പെട്ടു. എന്നാൽ 67-ാം മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ മുസ്തഫ സിക്കോ ഈജിപ്തിന്റെ രണ്ടാം ഗോൾ നേടിയതോടെ അർജന്റീന ഞെട്ടി.
പിന്നീട് സ്റ്റേഡിയം സാക്ഷിയായത് അർജന്റീനയുടെ കടന്നാക്രമണങ്ങൾക്കായിരുന്നു. തുടർച്ചയായി അർജന്റീന ഈജിപ്ത് ഗോൾമുഖം വിറപ്പിച്ചു. 79-ാം മിനിറ്റിൽ ലയണൽ മെസ്സി അളന്നുമുറിച്ച് ബോക്‌സിലേക്ക് നൽകിയ പന്തിൽ തലവെച്ച് ക്രിസ്റ്റ്യൻ റൊമേറോ അർജന്റീനയ്ക്കായി ഗോൾ മടക്കി. നാലു മിനിറ്റിനുള്ളിൽ മെസ്സി തന്നെ അർജന്റീനയുടെ രണ്ടാം ഗോളും നേടിയതോടെ ആരാധകർക്ക് ആശ്വാസം. മെസ്സി തന്നെയാണ് ഈ ഗോളിലേക്കുള്ള മുന്നേറ്റത്തിനും തുടക്കമിട്ടത്. ബോക്‌സിലേക്ക് വന്ന പന്ത് ഗോൺസാലോ മൊണ്ടിയെൽ തിരികെ മെസ്സിക്ക് നൽകുന്നു. കിടിലനൊരു ഷോട്ടിലൂടെ മെസ്സി വലകുലുക്കി. ഈ ലോകകപ്പിൽ മെസ്സിയുടെ എട്ടാം ഗോളായിരുന്നു ഇത്. തുടർച്ചയായ ഒമ്പതാം ലോകകപ്പ് മത്സരത്തിലും സ്‌കോർ ചെയ്യാനും മെസ്സിക്കായി. പിന്നാലെ ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ നിലവിലെ ചാമ്പ്യൻമാരുടെ വിജയഗോളെത്തി. ലൗട്ടാരോ മാർട്ടിനെസ് ബോക്‌സിലേക്ക് നീട്ടിയ പന്ത് എൻസോ ഹെഡറിലൂടെ വലയിലാക്കിയതോടെ അക്ഷരാർഥത്തിൽ സ്‌റ്റേഡിയം പൊട്ടിത്തെറിക്കുകയായിരുന്നു.


