ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്കുനേരെ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനെതിരെ അമേരിക്ക ശക്തമായ പ്രത്യാക്രമണം നടത്തി. അന്താരാഷ്ട്ര ജലപാതയിൽ വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമിച്ചതിന് കനത്ത വില നൽകേണ്ടിവരുമെന്ന് ഇറാനെ ബോധ്യപ്പെടുത്തുന്നതിനായിട്ടാണ് തിരിച്ചടികൾ ആരംഭിച്ചതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു.
‘ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് യു.എസ്. ആക്രമണങ്ങൾ. ഇറാൻ പ്രകടിപ്പിച്ച ആക്രമണസ്വഭാവം അനാവശ്യവും അപകടകരവുമായിരുന്നു, ഇത് വെടിനിർത്തൽ കരാറിന്റെ വ്യക്തമായ ലംഘനവുമാണ്’ യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി.
80-ലധികം ലക്ഷ്യങ്ങളിൽ കൃത്യമായ ബോംബാക്രമണം നടത്തിയ ശേഷം ആക്രമണം പൂർത്തിയാക്കിയതായും സെൻട്രൽ കമാൻഡ് അറിയിച്ചു. കടലിടുക്കിന് സമീപമുള്ള ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ ശൃംഖലകൾ, തീരദേശ റഡാർ സൈറ്റുകൾ, മിസൈൽ ശേഷി, കൂടാതെ ഇറാനിയൻ സൈന്യത്തിന്റെ 60 ഓളം ചെറിയ ബോട്ടുകൾ എന്നിവയെ ലക്ഷ്യമിട്ടെന്നും യുഎസ് സേന അറിയിച്ചു.
ക്വിഷ് ദ്വീപ്, ബന്ദർ അബ്ബാസ്, സിരിക്ക് എന്നിവിടങ്ങളിൽ ആക്രമണമുണ്ടായെന്നും ആളപായമില്ലെന്നും ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണങ്ങൾക്ക് മുമ്പ്, ഇറാനുമേലുള്ള എണ്ണ ഉപരോധം താൽക്കാലികമായി പിൻവലിച്ചുള്ള ഇളവ് അമേരിക്കൻ ട്രഷറി റദ്ദാക്കിയിരുന്നു. ഉപരോധം പുനഃസ്ഥാപിച്ച നടപടിയും ആക്രമണങ്ങളും
കഴിഞ്ഞ മാസം ഒപ്പുവെച്ച അമേരിക്ക-ഇറാൻ മെമ്മോറാണ്ടത്തിന്റെ ലംഘനമാണെന്നും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാനിൽ നിന്നുള്ള എണ്ണ, പെട്രോൾ ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്ക് അംഗീകാരം നൽകിയ നടപടിയാണ് യുഎസ് പിൻവലിച്ചത്. ലൈസൻസ്, കഴിഞ്ഞ മാസം ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ഭാഗമായിരുന്നു ഇത്.
ഈ നീക്കം ധാരണാപത്രത്തിന്റെ ലംഘനമാണെന്നെന്നും യുഎസ് സർക്കാരിന്റെ വിശ്വാസ്യതയില്ലായ്മ തെളിയിക്കുന്ന നടപടിയാണെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തങ്ങളുടെ ദേശീയ താൽപ്പര്യങ്ങളും ദേശീയ സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ടെഹ്റാൻ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകൾ നടന്നുവരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. ഖമനേയിയുടെ മൃതദേഹം നിലവിൽ ഇറാഖിലാണ്. ഇറാനിലെ ചടങ്ങുകൾക്ക് ശേഷം ചൊവ്വാഴ്ചയാണ് മൃതദേഹം ഇറാഖിലെ നജാഫ് നഗരത്തിലെത്തിച്ചത്. യുഎസ് ആക്രമണങ്ങളെ തുടർന്ന് ചടങ്ങുകൾക്കായി നജാഫിലെത്തിയിരുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ രാജ്യത്തേക്ക് തിരിച്ചിട്ടുണ്ട്.


