കൽപ്പറ്റ: കള്ളാടിയിലെ ദുരന്തമേഖലയിൽ രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുന്നു. അഞ്ചുപേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. ഇവർക്കുവേണ്ടിയുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്. മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും ദുരന്തസ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിന്റെ ഏകോപനം ഇവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.ഹിറ്റാച്ചി, ജെ.സി.ബി. ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് മീനാക്ഷിപ്പാലത്തിന്റെ മുകൾഭാഗത്ത് മണ്ണിടിഞ്ഞ പ്രദേശത്തെ മണ്ണ് നീക്കിക്കൊണ്ടിരിക്കുകയാണ്. ആരെങ്കിലും ഇതിനകത്ത് അകപ്പെട്ടിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. സ്പോട്ട് ലൊക്കേഷൻ ക്യാമറകളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. മണ്ണിനടിയിൽ ചലനങ്ങളുണ്ടെങ്കിൽ കൃത്യമായി കണ്ടെത്താൻ ഇത് സഹായിക്കും. രണ്ട് സ്നിഫർ ഡോഗുകളും സ്ഥലത്തെത്തിയിട്ടുണ്ട്.
രാത്രിയിലും തിരച്ചിൽ തുടരാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും പ്രദേശത്ത് സജ്ജീകരിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫിന്റെ രണ്ട് സംഘമാണ് തിരച്ചിൽ നടത്തുന്നത്. എഴുപതോളം പേർ സംഘത്തിലുണ്ടെന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.മൂന്നുപേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നുപേരും അതിഥിത്തൊഴിലാളികളാണ്. ഇവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.
മണ്ണിനടിയിൽനിന്ന് മൂന്ന് പുരുഷന്മാരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. മൂവരും അതിഥിത്തൊഴിലാളികളാണ്. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടന്നത്. ബത്തേരി താലൂക്ക് ആശുപത്രിയിൽനിന്ന് പോലീസ് സർജനെ അടിയന്തരമായി വൈത്തിരിയിലേക്ക് എത്തിച്ചാണ് പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കിയതെന്ന് ആരോഗ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഒൻപതുപേരിൽ രണ്ടുപേരെ ഡിസ്ചാർജ് ചെയ്തു. ചികിത്സയിലുള്ള ഏഴുപേരിൽ ഒരാൾ സൈറ്റ് എൻജിനീയറായ എറണാകുളം സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ഐ.സി.യുവിലാണ്. ഇതിൽ ഒരാളുടെ തലയ്ക്കും രണ്ടുകാലുകൾക്കും പൊട്ടലുണ്ട്. മറ്റൊരാളുടെയും രണ്ടുകാലുകൾക്ക് പൊട്ടലുണ്ട്. മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കൺട്രോൾ റൂം തുറന്നതായി മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
മേപ്പാടി പോളിടെക്നിക്കിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പ്രദേശത്തുള്ള 42 കുടുംബങ്ങളിലെ 142 പേരെ മാറ്റിപ്പാർപ്പിച്ചു. മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. രാത്രിയിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചാലും സ്ഥലത്ത് ആംബുലൻസും മെഡിക്കൽ ടീം ക്യാമ്പ് ചെയ്യും. ആരോഗ്യവകുപ്പിന്റെ എല്ലാ സേവനങ്ങളും 24 മണിക്കൂറും സ്ഥലത്ത് ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.


