കള്ളാടി: ‘എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. മണ്ണും വെള്ളവും ശരവേഗത്തിൽ കുത്തിയൊലിച്ചെത്തുന്നത് കണ്ട് ഓടി, ഓടിയിട്ട് എത്തുന്നില്ല, കാലുകൾ കുഴഞ്ഞുപോയി..’ വയനാട് മേപ്പാടിയിലെ മണ്ണിടിച്ചിലിന്റെ നടുക്കുന്ന ദൃശ്യങ്ങളിലുള്ള കൂടമ്മാളും ഭർത്താവും പ്രതികരിച്ചു. ബാങ്കിലേക്ക് പോകുന്നതിനായി ബസ് കയറാൻ വന്നതായിരുന്നു ഇരുവരും. കുറച്ച് സമയംകൂടി ബസ് സ്റ്റോപ്പിൽ തന്നെ നിൽക്കുകയായിരുന്നെങ്കിൽ മണ്ണിനടിയിലായേനെയെന്ന് കൂടമ്മാൾ പറഞ്ഞു.
മണ്ണിടിഞ്ഞ് ശക്തമായി താഴേയ്ക്ക് പതിക്കുന്നതിന്റെയും അതിന്റെ ആഘാതത്തിൽ പാലം കടന്ന് മണ്ണും വെള്ളവും കുതിച്ചുവരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പാലത്തിന് സമീപത്തുള്ള കടയിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അപകടത്തിന്റെ രൂക്ഷത വെളിവാക്കുന്നതാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ. ഈ ദൃശ്യത്തിൽ കൂടമ്മാളും ഭർത്താവും ജീവനുംകൊണ്ട് ഓടുന്നത് ഈ ദൃശ്യത്തിലുണ്ടായിരുന്നു. വെള്ളം നിറച്ച ഒരു ടാങ്കർ ലോറിയടക്കം മണ്ണിനും ചെളിക്കുമൊപ്പം കുത്തിയൊലിച്ച് വരുന്നും ഇവർ ഇതിനിടയിൽപെടുന്നതും ദൃശ്യത്തിലുണ്ട്. ഇരുവർക്കും കാര്യമായ പരിക്കുകൾ സംഭവിച്ചിട്ടില്ല.


