27.5 C
Kottayam
Saturday, April 27, 2024

അർജൻ്റീനയ്ക്ക് തകർപ്പൻ ജയം

Must read

ബ്യൂണസ് ഐറിസ്:ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജൻ്റീനയ്ക്ക് തകർപ്പൻ ജയം. ദക്ഷിണ അമേരിക്കൻ ക്വാളിഫയർ പോരാട്ടത്തിൽ ഉറുഗ്വെക്കെതിരെയാണ് അർജൻ്റീന വിജയിച്ചത്. മറുപടിയില്ലാത്ത 3 ഗോളുകൾക്കായിരുന്നു കോപ്പ അമേരിക്ക ജേതാക്കളുടെ ജയം. അർജൻ്റീനക്കായി ലയണൽ മെസി, റോഡ്രിഗോ ഡിപോൾ, ലൗട്ടാരോ മാർട്ടിനസ് എന്നിവർ സ്കോർ ഷീറ്റിൽ ഇടം നേടി. മറ്റൊരു മത്സരത്തിൽ ബ്രസീൽ കൊളംബിയയോട് ഗോൾരഹിത സമനില വഴങ്ങി. ലോകകപ്പ് യോഗ്യതാ ഘട്ടത്തിൽ ബ്രസീലിൻ്റെ ജയമില്ലാത്ത ആദ്യ മത്സരമായിരുന്നു ഇത്. 9 മത്സരങ്ങളായി ബ്രസീൽ വിജയക്കുതിപ്പ് തുടരുകയായിരുന്നു.
(world cup argentina brazil)

മത്സരത്തിൻ്റെ സമസ്ത മേഖലകളിലും മുന്നിട്ടു നിന്ന അർജൻ്റീന അർഹിക്കുന്ന ജയമാണ് നേടിയത്. അഞ്ച് പ്രതിരോധ താരങ്ങളുമായി ഇറങ്ങിയിട്ടും അർജൻ്റൈൻ ആക്രമണത്തെ ചെറുത്തുനിൽക്കാൻ ഉറുഗ്വെയ്ക്ക് സാധിച്ചില്ല. മത്സരത്തിൻ്റെ 38ആം മിനിട്ടിൽ ഇതിഹാസ താരം ലയണൽ മെസിയിലൂടെ അർജൻ്റീന ആദ്യ ഗോളടിച്ചു. ലൊ സെൽസോയുടെ അസിസ്റ്റിൽ നിന്നാണ് മെസി ഉറുഗ്വെ ഗോൾവലയം ഭേദിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് ഒരു മിനിട്ട് മുൻപ് ഡിപോളിലൂടെ അർജൻ്റീന ലീഡ് ഇരട്ടിയാക്കി.

ലൗട്ടാരോ മാർട്ടിനസാണ് ഗോൾ ഒരുക്കിയത്. രണ്ടാം പകുതിൽ കവാനിയെക്കൂടി ഇറക്കി ഉറുഗ്വെ ആക്രമണം കനപ്പിച്ചെങ്കിലും 62ആം മിനിട്ടിൽ നേടിയ ഗോളോടെ അർജൻ്റീന കളിയിൽ സമ്പൂർണ ആധിപത്യം സ്ഥാപിച്ചു. ലൊ സെൽസോയുടെ അസിസ്റ്റിൽ നിന്ന് ലൗട്ടാരോ മാർട്ടിനസ് ആണ് അർജൻ്റീനയുടെ ഗോൾ പട്ടിക തികച്ചത്.

മറ്റൊരു മത്സരത്തിൽ കരുത്തരായ ബ്രസീലിനെ കൊളംബിയ ഗോൾരഹിത സമനിലയിൽ തളച്ചു. ബ്രസീൽ ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞുനിർത്തിയ കൊളംബിയ ഇടക്കിടെ കൗണ്ടർ അറ്റാക്കുകളിലൂടെ ബ്രസീൽ ഗോൾമുഖം പരീക്ഷിക്കുകയും ചെയ്തു. എന്നാൽ, ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല.

10 മത്സരങ്ങളിൽ നിന്ന് ഒരു സമനിലയും 9 ജയവും സഹിതം 28 പോയിൻ്റുള്ള ബ്രസീൽ തന്നെയാണ് പോയിൻ്റ് പട്ടികയിൽ ഒന്നാമത്. അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 6 ജയവും 4 സമനിലയുമുള്ള അർജൻ്റീന രണ്ടാം സ്ഥാനത്താണ്. 22 പോയിൻ്റാണ് അർജൻ്റീനയ്ക്കുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week