ചിക്കുൻഗുനിയക്കുള്ള ലോകത്തെ ആദ്യവാക്സിന് അംഗീകാരം ലഭിച്ചു. യു.എസ്.ആരോഗ്യമന്ത്രാലയമാണ് വാക്സിന് അംഗീകാരം നൽകിയത്. വാൽനേവ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ ‘ഇക്സ്ചിക്’ എന്നപേരിൽ വിപണിയിലെത്തും. 18 വയസ്സിനു മുകളിലുള്ള ആളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക.
ആഗോളതലത്തിൽതന്നെ ആരോഗ്യഭീഷണിയായി തുടരുന്ന ചിക്കുൻഗുനിയ കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ അഞ്ചുദശലക്ഷത്തോളം പേരെയാണ് ബാധിച്ചത്. പേശിയിലേക്ക് ഇൻഞ്ചക്ഷൻ രൂപത്തിൽ നൽകുന്ന സിംഗിൾ ഡോസ് മരുന്നാണിത്. നോർത്ത് അമേരിക്കയിൽ രണ്ടുഘട്ടങ്ങളായി നടത്തിയ ക്ലിനിക്കൽ ട്രയലിനൊടുവിലാണ് പ്രസ്തുത വാക്സിന്റെ സുരക്ഷിതത്വം വ്യക്തമായത്. പതിനെട്ടുവയസ്സും അതിനുമുകളിലും പ്രായമുള്ള 3,500 പേരിലാണ് ട്രയൽ നടത്തിയത്. ഫേസ് 3 ക്ലിനിക്കല്‍ ട്രയലാണ് നടത്തിയത്. യൂറോപ്പിലെ വല്‍നേവ കമ്പനിയാണ് വാക്സീന്‍ കണ്ടുപിടിച്ചത്.
ചിക്കുന്‍ ഗുനിയ എന്നത് കൊതുക് ജന്യ രോഗമാണ്. 1952ല്‍ ടാന്‍സാനിയയിലാണ് ആദ്യമായി വന്നത്. പിന്നീട് ആഫ്രിക്ക, ഏഷ്യ തുടങ്ങി എല്ലാ വന്‍കരകളിലേക്കും രോഗം വ്യാപിച്ചു. 15 വര്‍ഷത്തിനിടെ 50 ലക്ഷം പേര്‍ക്ക് ചിക്കുന്‍ ഗുനിയ എന്ന രോഗം ബാധിച്ചു എന്നാണ് കണക്ക്. ആഗോള ആരോഗ്യ ഭീഷണി എന്നാണ് ചിക്കുന്‍ ഗുനിയ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ വാക്സീന്‍റെ കണ്ടെത്തല്‍ ഏറെ പ്രസക്തമാണ്.
ചിക്കുന്‍ഗുനിയ
ശക്തമായ പനി, സന്ധിവേദനകള്‍, ചര്‍മത്തിലുണ്ടാകുന്ന ചുവന്നുതടിച്ച പാടുകള്‍ തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അല്‍ഫാവൈറസുകളാണ് രോഗകാരികളായ വൈറസുകള്‍. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു.
ശരീരത്തിലെ ചെറുതും വലുതുമായ നിരവധി സന്ധികളെ ഒരുമിച്ച് ബാധിക്കുന്ന സന്ധിവേദനകള്‍ രോഗത്തിന്റെ പ്രത്യേകതയാണ്. സാധാരണയായി ആഴ്ചകള്‍ക്കുള്ളില്‍തന്നെ അപ്രത്യക്ഷമാകുന്ന സന്ധിവേദനകള്‍, കുട്ടികളിലും പ്രായമേറിയവരിലും മറ്റ് സന്ധിവാതരോഗങ്ങള്‍ ഉള്ളവരിലും മാസങ്ങളോളം നീണ്ടുനിന്നേക്കാം.
സാധാരണ ഗുരുതരമായ ശാരീരികപ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാത്ത ചിക്കുന്‍ഗുനിയ, അപൂര്‍വമായി നവജാത ശിശുക്കളിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലും മെനിഞ്ചൈറ്റിസ്, എന്‍സിഫലൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കാം.
ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. വീടിന്റെ പരിസരങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളിലും ചിരട്ടകളിലും മറ്റും ശേഷിക്കപ്പെടുന്ന ജലത്തിലാണ് ഈഡിസ് കൊതുകുകള്‍ പ്രജനനം നടത്തുന്നത്. പകല്‍സമയങ്ങളിലാണ് ഇവ മനുഷ്യനെ കടിക്കുന്നത്. മനുഷ്യരക്തം കുടിക്കുന്ന പെണ്‍കൊതുകുകള്‍ രോഗവ്യാപനം നടത്തുന്നു.
ഒരിക്കല്‍ രോഗബാധിതരായവരില്‍, ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വര്‍ധിക്കുന്നതുകൊണ്ട് വീണ്ടും രോഗമുണ്ടാവാനുള്ള സാധ്യത കുറവാണ്. ചിക്കുന്‍ഗുനിയ ഒരു വൈറസ് രോഗമായതുകൊണ്ട് ചികിത്സയ്ക്കായി ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല. ആവശ്യത്തിന് വിശ്രമം, പനി കുറയുവാനായി പാരസിറ്റമോള്‍ പോലെയുള്ള ലഘുവേദന സംഹാരികള്‍ തുടങ്ങിയവ മാത്രം മതിയാകും ചികിത്സയ്ക്ക്. പനിയെ തുടര്‍ന്ന് വിട്ടുമാറാത്ത സന്ധിവേദനകളുടെ ചികിത്സയ്ക്കായി ഫിസിയോതെറാപ്പിയും സന്ധിവാതരോഗങ്ങളുടെ ശമനത്തിനുപയോഗിക്കുന്ന ക്ലോറോഫിന്‍ മരുന്നുകളും ഉപകരിക്കും.