ഇന്ത്യയ്ക്ക് പിന്നാലെ മറ്റൊരു രാജ്യം കൂടി ടിക് ടോക് നിരോധിയ്ക്കുന്നു
വാഷിങ്ടണ്‍:ഇന്ത്യ നിരോധിച്ചതിന് പിന്നാലെ വീഡിയോ ഷെയറിങ് ആപ്പായ ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ആപ്പുകള്‍ നിരോധിക്കുന്ന കാര്യം പരിശോധിച്ച് വരുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് പോംപെയുടെ പ്രതികരണം.
ചൈനീസ് കമ്പനിയായ ടിക്ക് ടോക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യ ചെയ്യുന്ന രീതിയില്‍ രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ യുഎസ് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യത സംരക്ഷണം, രാജ്യ സുരക്ഷ എന്നിവ മുന്‍നിര്‍ത്തി ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് ചൈനീസ് ആപ്പുകള്‍ക്കെതിരേ കടുത്ത നടപടിയിലേക്ക് അമേരിക്കന്‍ ഭരണകൂടവും നീങ്ങുന്നത്.
നേരത്തെ ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ മൈക്ക് പോംപിയോ സ്വാഗതം ചെയ്തിരുന്നു. ഇന്ത്യയുടെ ഈ തീരുമാനം അമേരിക്ക പിന്തുടരണമെന്നും രാജ്യത്തെ പല കോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. കോവിഡ് വ്യാപന വിഷയത്തിലും ചൈനക്കെതിരേ അമേരിക്ക തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് ആപ്പുകള്‍ക്കെതിരേ നടപടിയിലേക്ക് നീങ്ങുമെന്ന സ്റ്റേറ്റ് സെക്രട്ടറിയുടെ പരാമര്‍ശം.