കൊല്ലം:ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. അത്യാഹിതവിഭാഗം മെഡിക്കൽ ഓഫീസറായ ഡോ. എ.ജാസ്മിനും ഹൗസ് സർജന്മാരും മറ്റ് രോഗികളും ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് 5.20-നാണ് സംഭവം.
അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽനിന്ന് വൈദ്യപരിശോധനയ്ക്കെത്തിച്ച അഞ്ചാലുംമൂട് ഞാറയ്ക്കൽ സ്വദേശി വിഷ്ണു(31)വാണ് ഡോക്ടറുടെ മേശയിലേക്ക് ആഞ്ഞുചവിട്ടിയശേഷം ഭീഷണിമുഴക്കിയത്. വിലങ്ങുവെച്ച പ്രതിയെ രണ്ടു പോലീസുകാർചേർന്ന് ബലമായി പിടിച്ചിരിക്കുകയായിരുന്നു.
ഡോക്ടറുടെ മുന്നിലേക്ക് ഓടിക്കയറിയ ഇയാൾ പരിശോധനമുറിയിലെ മേശയിലേക്ക് ആഞ്ഞുചവിട്ടി. ഡോ. ജാസ്മിനും രണ്ട് ഹൗസ് സർജന്മാരും രോഗികളും ഓടിമാറി. ഉടൻ ഒരു പോലീസ് ഓഫീസർകൂടി എത്തി പ്രതിയെ പിടിച്ചു.
ഇയാൾ അക്രമം കാട്ടിയതോടെ ഡോക്ടർമാർ വീഡിയോ ചിത്രീകരിച്ചു. തുടർന്നാണ് ഇയാൾ ഡോക്ടർക്കുനേരെ ഭീഷണിമുഴക്കിയത്. ‘നിന്റെ ജീവിതം ഇന്ന് തീർക്കും, നീ വാ നിന്റെ ജീവിതം ഇന്ന് ഞാൻ തീർത്തുതരാം…’ എന്ന് പ്രതി പറയുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.
ഏറെനേരം പ്രകോപിതനായി ഭീഷണിമുഴക്കി നിന്ന പ്രതിെയ പരിശോധിക്കാൻ ഡോക്ടർ തയ്യാറായില്ല. പരിശോധിക്കാൻ സാധിക്കില്ലെന്ന് എസ്.ഐ.യെ അറിയിച്ചപ്പോൾ വൈദ്യപരിശോധന എങ്ങനെയും പൂർത്തീകരിക്കാൻ എസ്.ഐ. നിർബന്ധിച്ചതായും ഡോ. ജാസ്മിൻ പറഞ്ഞു.
മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നെന്ന പരാതിയെ തുടർന്നാണ് വിഷ്ണുവിനെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി മദ്യപിച്ചിട്ടുണ്ടെന്നും അക്രമസ്വഭാവം കാട്ടുന്നെന്നും ഡോക്ടറെ അറിയിച്ചിരുന്നതായി പോലീസ് പറഞ്ഞു. മദ്യപിച്ചിരുന്നതിനാൽ ഡോക്ടർ വൈദ്യപരിശോധന നടത്താൻ വിസമ്മതിച്ചു.
തുടർന്ന് ഒ.പി.ചീട്ടിൽ അക്രമസ്വഭാവം കാട്ടുന്നെന്ന് എഴുതിയതായും പോലീസ് പറഞ്ഞു. തിരികെ പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇയാളെ ശാന്തനായതോടെ ജാമ്യത്തിൽ വിട്ടു.