മകളെ അന്വേഷിച്ച് പരീക്ഷാ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ ഒളിച്ചോടിപ്പോയിട്ടുണ്ടാവുമെന്നാണ് കോളജ് അധ്യാപകനായ വികാരി പറഞ്ഞത്; തന്റെ മകള്‍ കോപ്പിയടിക്കില്ലെന്ന് ആത്മഹത്യ ചെയ്ത അഞ്ജുവിന്റെ പിതാവ്

പാലാ: തന്റെ മകള്‍ കോപ്പി അടിക്കില്ലെന്ന് പാലാ ചേര്‍പ്പുങ്കലില്‍ കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അഞ്ജു ഷാജിയുടെ പിതാവ്. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അഞ്ജു എന്നും പരീക്ഷ എഴുതിക്കാന്‍ അനുവദിക്കാതെ ഇറക്കിവിട്ട വിവരം തന്നെ വിളിച്ച് പറഞ്ഞിരുന്നെങ്കില്‍ താന്‍ വന്ന് മകളെ കൂട്ടിക്കൊണ്ട് പോകുമായിരുന്നു എന്നും പിതാവ് പറഞ്ഞു. ആരും തങ്ങളെ വിളിച് പറഞ്ഞില്ലെന്നും സുഹൃത്തുക്കളോട് അന്വേഷിച്ചിട്ടാണ് വിവരം അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മകളെ അന്വേഷിച്ച് പരീക്ഷാ കേന്ദ്രത്തില്‍ പോയപ്പോള്‍ മകള്‍ ഒളിച്ചോടിപ്പോയിട്ടുണ്ടാവുമെന്ന് കോളജ് അധ്യാപകനായ വികാരി പറഞ്ഞു. സാധാരണ പരീക്ഷ കഴിഞ്ഞിറങ്ങുമ്പോള്‍ വിളിച്ച് അറിയിക്കുന്നതാണ്. പക്ഷേ, ശനിയാഴ്ച മാത്രം അവള്‍ പറഞ്ഞില്ല. മകളെ വിളിച്ചിട്ട് കിട്ടിയില്ല. പിന്നീട് കൂട്ടുകാരിയെ വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. വികാരി മോശമായി സംസാരിച്ചു. മകള്‍ കോപ്പി അടിച്ചിട്ടില്ല. പഠിച്ചിരുന്ന കോളജില്‍ ചോദിച്ചാല്‍ അറിയാം.

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജില്‍ നിന്ന് അഞ്ച് പേരെ പാസായുള്ളൂ. അതിലൊരാള്‍ എന്റെ മോളാണ്. കോപ്പിയടിച്ചു എന്ന് പറയപ്പെടുന്ന പേപ്പര്‍ കാണിക്കാന്‍ പറഞ്ഞിട്ട് അത് കാണിച്ചിട്ടില്ല. അത് കാണിച്ചാല്‍ അഞ്ജു കോപ്പിയടിച്ചു എന്ന് സമ്മതിക്കാം. പോലീസുകാരോട് സിസിടിവി നോക്കാന്‍ പറഞ്ഞിട്ട് നോക്കിയില്ല. ഞാനും മരുമകനും കൂടി പോയി നോക്കിയപ്പോള്‍ കുട്ടി പേടിച്ച് ഓടുന്നത് കണ്ടു.

കോളജിലെ സിസിടിവി ക്യാമറയില്‍ വികാരി പേപ്പര്‍ പിടിച്ചു വാങ്ങുന്ന ദൃശ്യങ്ങള്‍ ഉണ്ട്. കുട്ടിയെ മാനസികമായി പീഡിപ്പിച്ചു. ഇവര്‍ക്ക് ഞങ്ങളെയോ അവള്‍ പഠിച്ചിരുന്ന കോളജിലേക്കോ വിളിച്ച് പറയാമായിരുന്നു. കോളജിനും പ്രിന്‍സിപ്പാള്‍ക്കുമെതിരെ കേസ് കൊടുക്കും. ഞങ്ങള്‍ക്ക് നീതി കിട്ടണം. ഞാനൊരു കൂലിവേലക്കാരനാണ്. മകളെ ഓര്‍ത്താണ് ഞങ്ങള്‍ ജീവിക്കുന്നത് പിതാവ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News