കോട്ടയം: സംസ്ഥാന സർക്കാരിന്റെ പ്രത്യേക നിർദ്ദേശം പ്രകാരം അംഗനവാടിയിൽ പ്രവേശന ഉത്സവം ആഘോഷമാക്കി ടീച്ചറും കുട്ടികളും. കുട്ടികളുടെ കലാപരിപാടികൾക്കൊണ്ട് ശ്രദ്ധ നേടുകയാണ് അതിരമ്പുഴ ഏഴാം വാർഡിലെ 56 ആം നമ്പർ അംഗണവാടി. വർണ്ണ കടലാസ് കൊണ്ട് നിർമ്മിച്ച തൊപ്പികളും പൂക്കളും ബലൂണും നൽകി അംഗണവാടി വർക്കർ ഹുസൈബ ടീച്ചർ കുട്ടികളെ സ്വീകരിച്ചു. കുട്ടികളുടെ പ്രഥമ വിദ്യാലയം അലങ്കരിച്ച് മിഠായിയും മധുര പലഹാരങ്ങളുമായി BSW വിദ്യാർത്ഥികളും ചടങ്ങിന് മോടി കൂട്ടി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയിംസ് കുര്യനും വാർഡ് മെമ്പർ ബേബിനാസ് അജാസും കുരുന്നുകൾക്ക് സമ്മാനപ്പൊതികളും പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കണ്ണുരുട്ടിയും ചൂരല് കാണിച്ച് പേടിപ്പിച്ചും ക്ലാസ്സിൽ പിടിച്ചിരുത്തിയ കാലം കടന്നുപോയെന്ന് മെമ്പർ ബേബിനാസ് അജാസ് പഴയ കാല സ്കൂൾ അനുഭവങ്ങൾ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. അംഗണവാടിയുടെ സ്ഥലം ഏറ്റെടുക്കലിനും കെട്ടിട്ടം പൂർത്തിയാക്കുന്നതിനുമൊക്കെ ശക്തമായ ഇടപെടൽ നടത്തിയ മെമ്പർ ഇവിടുത്തെ നിറസാന്നിധ്യമാണ്. അംഗണവാടിയുടെ വിജയത്തിന് ടീച്ചർക്കൊപ്പം എല്ലാ പിന്തുണയും നൽകുന്ന മാതാപിതാക്കളെ ബേബിനാസ് അഭിനന്ദിക്കുകയും ചെയ്തു.
കുരുന്നുകളുടെ ഡാൻസും പാട്ടുകളും സദസ്സിൽ കൗതുകം വിതറി. വർണ്ണാഭമായ ഘോഷയാത്ര കുട്ടികളെ ആവേശം കൊള്ളിച്ചു. കുട്ടികൾ മടി കൂടാതെ എത്തുന്നതിൽ ടീച്ചറുടെയും ആയയുടെയും സമീപനം പ്രശംസനീയമാണെന്ന് മാതാപിതാക്കൾ നന്ദിരേഖപ്പെടുത്തി സംസാരിച്ചു.