കൊലപാതകത്തിന് കാരണം അനീഷിന് മകളുമായുള്ള പ്രണയം, കത്തി വാട്ടർ ടാങ്കിൽ- റിമാൻഡ് റിപ്പോർട്ട്

തിരുവനന്തപുരം: പേട്ടയിൽ 19കാരൻ അനീഷ് ജോർജിനെ കുത്തിക്കൊന്നത് മകളോടുള്ള പ്രണയത്തെ തുടർന്നാണെന്ന് റിമാൻഡ് റിപ്പോർട്ട്. മൂത്തമകളും അനീഷും തമ്മിലുള്ള പ്രണയത്തോടുള്ള എതിർപ്പും അതിലുള്ള പകയുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

കള്ളനെന്ന് തെറ്റിദ്ധരിച്ച് കുത്തിയതാണെന്നായിരുന്നു പ്രതി സൈമൺ ലാലൻ പോലീസിന് നൽകിയ ആദ്യ മൊഴിയിൽ പറഞ്ഞിരുന്നത്. എന്നാൽ തുടക്കത്തിൽ തന്നെ പോലീസ് ഈ മൊഴി വിശ്വാസത്തിലെടുത്തിരുന്നില്ല. പ്രതിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തിൽ തന്നെയാണ് കുത്തി എന്നാണ് പുറത്ത് വന്ന റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

സൈമണിന്റെ മൂത്ത മകളുമായിട്ട് അനീഷിന് ഉണ്ടായിരുന്ന പ്രണയമാണ് വൈരാഗ്യത്തിന് കാരണം. അനീഷ് പെൺകുട്ടിയുടെ കുടുംബവുമായി ബന്ധം പുലർത്തുന്നത് സൈമണിന് ദേഷ്യമുണ്ടാക്കിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെ 3.30ഓട് അടുപ്പിച്ച് അനീഷിനെ വീട്ടിൽ കണ്ടപ്പോൾ കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തോട് കൂടി പ്രതി അനീഷിനെ തടഞ്ഞു വെക്കുകയായിരുന്നു. ശേഷം നെഞ്ചിലും മുതുകിലും കുത്തി കൊലപ്പെടുത്തി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി വീടിന് സമീപത്തെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു വച്ചതായും പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ രക്തം പുരണ്ട കത്തി പോലീസ് കണ്ടെടുക്കുകയും കോടതിയിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News