കോവിഡുകൊണ്ടും തീരില്ല,നാലുമാസത്തിനുള്ളില്‍ മറ്റൊരു വ്യാധിയുടെ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദര്‍
വാഷിംഗ്ടണ്‍:അടുത്ത നാല് മാസത്തിനുള്ളില്‍ പോളിയോ പോലുള്ള രോഗം പൊട്ടിപ്പുറപ്പെടുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.ചെറിയ കുട്ടികളുടെ മാതാപിതാക്കള്‍ക്കും ആരോഗ്യ പരിരക്ഷാ ദാതാക്കള്‍ക്കുമാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അവയവ ബലഹീനതയുള്ള രോഗികളായ കുട്ടികളെ പോളിയോ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ കുട്ടികളെ വളരെയധികം ശ്രദ്ധയോടെ പരിപാലിക്കണമെന്നും ഇക്കാലയളവില്‍ പോളിയോ ബാധ പടരാന്‍ സാധ്യതയുണ്ടെന്നും രക്ഷിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖം, പനി, കഴുത്ത് വേദന, നടുവേദന എന്നീ ലക്ഷങ്ങള്‍ ഉള്ളവരെ വിദഗ്ധമായി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നു.
അക്യൂട്ട് ഫ്ലാസിഡ് മൈലിറ്റിസ് (AFM) ഒരു മെഡിക്കല്‍ അടിയന്തരാവസ്ഥയാണ്. ഉയര്‍ന്ന കൊറോണ വൈറസ് ബാധയുള്ള പ്രദേശങ്ങളില്‍ രോഗസാധ്യത കൂടുതലാണെന്നും രോഗികള്‍ ഉടനടി വൈദ്യസഹായം തേടണമെന്നും പ്രസ്താവനയില്‍ പറയുന്നു. കൊറോണ വൈറസ് രോഗത്തിനെതിരെ പോരാടുന്നതിന്റെ ഭാഗമായുള്ള ശാരീരിക അകലം പാലിക്കല്‍ നടപടികള്‍ ഒരുപരിധി വരെ ഇത്തരം കേസുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കേസുകള്‍ പ്രതീക്ഷിച്ചതിലും കുറവായിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
പക്ഷാഘാതത്തിന് കാരണമാകുന്ന ന്യൂറോളജിക്കല്‍ രോഗം 2014 മുതല്‍ ഉയര്‍ന്നു വരുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം 2018 ല്‍ 42 സംസ്ഥാനങ്ങളില്‍ നിന്നായി 238 പേരില്‍ രോഗം കണ്ടെത്തി. ഇവരില്‍ 95 ശതമാനവും കുട്ടികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അടിയന്തിര വിഭാഗങ്ങളിലേയും അടിയന്തിര പരിചരണ കേന്ദ്രങ്ങളിലേയും ശിശുരോഗവിദഗ്ദ്ധരും മുന്‍കരുതല്‍ ദാതാക്കളും എഎഫ്‌എമ്മിന്റെ ലക്ഷണങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാനും രോഗികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും തയ്യാറാകണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഓരോ ഘട്ടത്തിലും സമയം അതി നിര്‍ണായകമാണെന്നും എത്ര നേരത്തെ രോഗലക്ഷണം തിരിച്ചറിഞ്ഞ് ചികിത്സയ്ക്കായി തയാറാകുന്നുവോ അത്രയും നേരത്തെ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നേരത്തേയുള്ള രോഗനിര്‍ണയം രോഗലക്ഷണങ്ങളെ ചികിത്സിക്കുന്നതിനുള്ള നടപടികളുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.