കോവിഡ് പിടിപെട്ടെന്ന ഭീതിയിൽ യുവ ദമ്പതികൾ ആത്മഹത്യ ചെയ്തു,ഒടുവിൽ കോവിഡ് ഫലം നെഗറ്റീവ്
മംഗളൂരു: കോവിഡ് പിടിപെട്ടെന്ന ഭീതിയില്‍ യുവ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ മംഗളൂരുവില്‍ നടന്ന സംഭവത്തില്‍ ചിത്രാപുര രഹേജ അപ്പാര്‍ട്ട്‌മെന്റിലെ രമേഷ് സുവര്‍ണ (40), ഭാര്യ ഗുണ ആര്‍ സുവര്‍ണ (35) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണശേഷമുള്ള പരിശോധനയില്‍ ഇവര്‍ക്കു കോവിഡില്ലെന്ന് സ്ഥിരീകരിച്ചു.
തനിക്കും ഭാര്യയ്ക്കും കോവിഡ് ലക്ഷണങ്ങളുണ്ടെന്നും ഒരുമിച്ച് മരിക്കാന്‍ പോകുകയാണെന്നും മംഗളുരു സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് വാട്‌സാപ് വഴിആത്മഹത്യാ സന്ദേശം അയച്ചിട്ടാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ഭാര്യയ്ക്ക് പ്രമേഹം ഉള്ളതിനാല്‍ ബ്ലാക് ഫംഗസ് ബാധയുണ്ടാകുമെന്നും ദമ്പതികള്‍ ഭയന്നു. വിവാഹിതരായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിന്റെ ദുഃഖവും ദമ്പതികളെ അലട്ടിയിരുന്നു എന്നാണ് സൂചന. ആശുപത്രിയില്‍ പോയാല്‍ മരണസമയത്ത് പരസ്പരം കാണാന്‍ കഴിയാതെ വരുമെന്ന ചിന്തയാണ് ഇവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. ഉറക്കഗുളിക കഴിച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു.
അതേസമയം, രമേഷിനെ വിളിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. മൊബൈല്‍ നമ്പര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് സൂറത്കല്‍ പോലീസിനെ ബന്ധപ്പെട്ട കമ്മിഷണര്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. ഇവിടെനിന്ന് ആത്മഹത്യാക്കുറിപ്പും ഒരു ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. പണം അന്ത്യകര്‍മങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും തങ്ങളുടെ സ്വത്ത് വിറ്റശേഷം പണം അഗതിമന്ദിരങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും നല്‍കണമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു