താരങ്ങളുടെ ഇഷ്ടപാനീയം,’ബ്ലാക്ക് വാട്ടര്‍’ വില കേട്ടാല്‍ ഞെട്ടും
മുംബൈ:ഇക്കാലത്ത് ഫിറ്റ്നസ് പ്രേമികളല്ലാത്ത സെലിബ്രിറ്റികള്‍ ചുരുക്കമാണ്. ഇവരുടെ ഇടയില്‍ തരംഗമായ ഇഷ്ടപാനീയമാണ് ബ്ലാക്ക് വാട്ടര്‍.ഈ കോവിഡ് കാലത്ത് നടിമാരായ ശ്രുതി ഹാസന്‍, മലൈക അറോറ, ഉര്‍വ്വശി റൗട്ടേല ക്രിക്കറ്റ് താരം വിരാട് കോലി തുടങ്ങിയവരുടെ ചില ചിത്രങ്ങളില്‍ ബ്ലാക്ക് വാട്ടര്‍ ബോട്ടിലുകളും ശ്രദ്ധേയമായിരുന്നു.
സംഭവം എന്താണെന്നല്ലേ? ഏഴുപതിലേറെ ധാതുക്കളടങ്ങിയ പി.എച്ച് മൂല്യം ഉയര്‍ന്ന ആല്‍ക്കലൈന്‍ പാനീയമാണ് ബ്ലാക്ക് വാട്ടര്‍. കറുത്ത നിറമായതു കൊണ്ടാണ് ഇതിനെ ബ്ലാക്ക് വാട്ടറെന്ന് വിളിക്കുന്നത്. ഇത് അസിഡിറ്റി കുറക്കുമെന്നും നിര്‍ജലീകരണം തടയുമെന്നും ശരീരത്തിനുള്ളില്‍ കടന്നുകൂടുന്ന മാലിന്യങ്ങളെ നിര്‍വീര്യമാക്കുമെന്നും രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുമെന്നുമാണ് നിര്‍മാതാക്കള്‍ പറയുന്നത്.
500 മില്ലി ബ്ലാക്ക് വാട്ടറിന് ഇന്ത്യയില്‍ 100 രൂപയോളമാണ് വില. അതേ സമയം ബ്രാന്‍ഡുകള്‍ മാറുന്നതിന് അനുസരിച്ച് വിലയില്‍ വ്യത്യാസം വന്നേക്കാം.