തിരുവനന്തപുരത്ത് വൃദ്ധയെ പുഴുവരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : മക്കൾ ഉപേക്ഷിച്ച വൃദ്ധയെ പുഴുവരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരത്താണ് 70 വയസുകാരിയായ സരോജിനിയെപുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ യുവാക്കൾ ചേർന്ന് വൃദ്ധക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കി.

നേരത്തെ ചായക്കട നടത്തിയാണ് സരോജിനി ഉപജീവനം നടത്തിയിരുന്നത്. രണ്ട് പെൺമക്കളും ഒരു ആണും ഉൾപ്പടെ ഇവർക്ക് മൂന്ന് മക്കളുണ്ട്. പക്ഷേ ഇവരാരും ഇപ്പോൾ സരോജിനിയെ തിരിഞ്ഞുനോക്കുന്നില്ല.അമ്മയെ ചൊല്ലി മക്കൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. അതിനിടയിലാണ് ഇവർക്ക് രോഗം വരികയും ശരീരത്തിൽ മുറിവുണ്ടാവുകയും ചെയ്തത്. മക്കൾ ശ്രദ്ധിക്കാത്തത് കൊണ്ട്ഇതിന് മതിയായ ചികിത്സ നൽകാൻ സാധിച്ചില്ല.

ഇതോടെ സരോജിനിയുടെ മുറിവ് പുഴുവരിക്കുകയും വലിയ വ്രണമായി മാറുകയും ചെയ്യുകയായിരുന്നു.വിവരമറിഞ്ഞ് സമീപത്തെ യുവാക്കളെത്തി വൃദ്ധയെ കുളിപ്പിച്ച് വീടും പരിസരവും വൃത്തിയാക്കി പ്രാഥമിക ചികിത്സ നൽകുകയായിരുന്നു. നിലവിൽ ബാലരാമപുരം പൊലീസ് സ്റ്റേഷനിലേക്ക് മൂന്ന് മക്കളെയും വിളിച്ചുവരുത്തി ചർച്ച നടക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News