കൊല്ലം: പോരേടം-പള്ളിക്കല്‍ പാതയിലെ സ്വര്‍ണക്കടയില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച യുവതിയും യുവാവും പിടിയില്‍. തിരുവനന്തപുരം പാങ്ങോട് വട്ടക്കരിക്കകം ബ്ലോക്ക് നമ്പര്‍ 971-ല്‍ സ്‌നേഹ (27), നെടുമങ്ങാട് കൊല്ലങ്കോട് സുജിത്ത്ഭവനില്‍ സുജിത്ത് (31) എന്നിവരാണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ഇരുവരുമെത്തിയത്. സ്വര്‍ണം തിരഞ്ഞ് കുറച്ചുസമയം കടയില്‍ ചെലവഴിച്ചു. കടയുടമയുമായി സംസാരിച്ച് മാലയെടുത്ത് തൂക്കം നോക്കുന്നതിനായി നല്‍കി. ഇതിനിടെ, യുവതി മാല കൈക്കലാക്കിയതായി ധരിച്ച്, യുവാവ് കൈവശമുണ്ടായിരുന്ന സ്‌പ്രേ എടുത്ത് കടയുടമയുടെയും ജീവനക്കാരുടെയും നേരേ പ്രയോഗിച്ചു. ഉടന്‍ യുവതി കടയ്ക്കു പുറത്തിറങ്ങി, സ്‌കൂട്ടറുമായെത്തി യുവാവിനെയും കയറ്റി രക്ഷപ്പെടുകയായിരുന്നു.
സ്‌നേഹയും സുജിത്തും കുടുംബസുഹൃത്തുക്കളാണ്. സുജിത്തിന്റെ അച്ഛന്റെ മരണശേഷം കുടുംബത്തിന് 10 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായി. ഇതു തീര്‍ക്കുന്നതിനായാണ് രണ്ടുപേരും മോഷണത്തിനു ശ്രമിച്ചത്. കവര്‍ച്ച നടത്തുന്നതിനായി ചടയമംഗലം, കടയ്ക്കല്‍, ആയൂര്‍ എന്നിവിടങ്ങളിലെ കടകള്‍ ഇവര്‍ നോക്കിവെച്ചിരുന്നു. സംഭവസ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ടവര്‍ ലൊക്കേഷനും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും കണ്ടെടുത്തു.
റൂറല്‍ ജില്ലാ പോലീസ് മേധാവി സാബു മാത്യു, കൊട്ടാരക്കര ഡിവൈ.എസ്.പി. ബൈജുകുമാര്‍, ചടയമംഗലം ഇന്‍സ്‌പെക്ടര്‍ എന്‍.സുനീഷ്, എസ്.ഐ. എം.മോനിഷ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ അഭിലാഷ്, സജി ജോണ്‍, സലീന, സി.പി.ഒ.മാരായ ഉല്ലാസ്, അതുല്‍കുമാര്‍, മഞ്ജു, സജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.